Skip to main content

അല്‍ മുബീന്‍

അല്ലാഹുവിന്റെ സത്തയെ സൂചിപ്പിക്കുന്ന ഒരു വിശേഷണമാണ് അല്‍ മുബീന്‍ (സുവ്യക്തന്‍). അല്ലാഹു വിശുദ്ധ ഖുര്‍ആനാകുന്ന അവന്റെ വചനങ്ങളിലൂടെയും തിരുദൂതരെ നിയോഗിച്ചതിലൂടെയും  റസൂലിന്റെ മൊഴികളിലൂടെയും പരമമായ സത്യത്തെ വ്യക്തമാക്കിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇഹത്തിലെയും പരത്തിലേയും സമാധാന ജീവിതത്തിനായുള്ള സകല കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന സത്യത്തിന്റെ ഋജുവായ പാത വ്യക്തമാക്കിയവന്‍ എന്ന അര്‍ഥത്തില്‍ അല്‍ മുബീന്‍ എന്ന വിശേഷണ നാമം അല്ലാഹുവിന് മാത്രം യോജിച്ചതാണ്. അല്ലാഹു പറയുന്നു: 'അന്ന് അല്ലാഹു അവരുടെ യഥാര്‍ഥ പ്രതിഫലം നിറവേറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യുന്നു' (24:25).

അല്ലാഹുവിന്റെ സത്തയിലോ അസ്തിത്വത്തിലോ ഒരാള്‍ക്കും സംശയത്തില്‍ അവകാശമില്ലാത്ത വിധം അവന്റെ ഉണ്മയുടെ തെളിവുകള്‍ ലോകത്ത് വ്യക്തമാക്കിതന്നിരിക്കുകയാണ്. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് പോലും ദൈവാസ്തിത്വത്തിന്റെ തെളിവുകളെ നിരാകരിക്കാന്‍ കഴിയില്ല. അത്രമേല്‍ അവന്‍ അവന്റെ ഗുണത്തിലും സത്തയിലും പ്രവര്‍ത്തനങ്ങളിലും സുവ്യക്തനാണ് (അല്‍ മുബീന്‍). രക്ഷാകര്‍തൃത്തിലും ആരാധനയിലുമുള്ള അല്ലാഹുവിന്റെ ഏകത്വം ഏറ്റവും സുവ്യക്തമായ ഒരു കാര്യമാണ്. ഒന്നിലധികം രക്ഷിതാവോ, പരിപാലകനോ, ആരാധ്യന്മാരോ ഉണ്ടായിരിക്കുക എന്നത് കേവല യുക്തിക്ക് പോലും യോചിച്ചതല്ല. ഈ പ്രപഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവും ഒരേയൊരു പരിപാലകനും ഒരേ ഒരു ആരാധ്യനും മാത്രമാണ് ഉണ്ടായിരിക്കുക എന്നതാണ് ബുദ്ധിയുടെ വെളിച്ചത്തിലും തെളിവുകളുടെ പിന്‍ബലത്തോടെയും വ്യക്തമാവുന്നത്. അല്‍ മുബീന്‍ എന്ന പേരില്‍ അല്ലാഹു നബി (സ) യെ പരിചയപ്പെടുത്തിയിട്ടുണ്ട്: 'അവര്‍ ചിന്തിച്ച് നോക്കുന്നില്ലേ? അവരുടേ കൂട്ടുകാരന്‍(മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്' (7:184).

അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുര്‍ആനിനെയും കിതാബുന്‍ മുബീന്‍ (സുവ്യക്ത ഗ്രന്ഥം) എന്നും ആയാത്തുന്‍ ബയ്യിനാത്ത് (വ്യക്തമായ തെളിവുകള്‍) എന്നും അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്: 'നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു' (5:15).
 

Feedback