Skip to main content

അല്‍ഹയ്യ്

എന്നെന്നും ജീവിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ ദൈവവിശേഷണമായി പ്രയോഗിക്കപ്പെട്ടിരിക്കുന്ന നാമമാണ് അല്‍ഹയ്യ്. ജനനവും മരണവും സ്ഥലകാലത്തിന്നകത്തു നടക്കുന്ന പ്രതിഭാസങ്ങളാണ്. അല്ലാഹു സ്ഥലകാലങ്ങള്‍ക്ക് അതീതനായതു കൊണ്ട് തന്നെ അവന് ജനനമില്ല, മരണമില്ല. ജീവിതമെന്ന ഗുണം പൂര്‍ണാര്‍ഥത്തില്‍ നിലനില്‍ക്കുന്നത് അവനിലാണ്. ഒരിക്കലും ഉറങ്ങുകയോ മയങ്ങുകയോ ചെയ്യാത്ത സജീവനായിരിക്കുന്ന അല്ലാഹുവിന്ന് മാത്രമേ സദാസമയവും സൃഷ്ടികളുടെ പ്രാര്‍ഥന ശ്രവിക്കാനാവൂ. അപ്പോള്‍ അല്‍ഹയ്യ് എന്ന അല്ലാഹുവിന്റെ വിശേഷണം അവനെ മാത്രമേ ആരാധിക്കാവൂ എന്ന ഖുര്‍ആനിക കല്പനക്ക് ഉപോദ്ബലകമാണ്. അല്ലാഹു, അവനല്ലാതെ വേറെ ആരാധ്യനില്ല, ജീവനുള്ളവന്‍, സ്വയം പര്യാപ്തനായ സര്‍വനിയന്താവ്, അവനെ ഒരുവിധ ഉറക്കവും മയക്കവും ബാധിക്കുകയില്ല(2:255). അല്ലാഹുവിന്റെ വചനങ്ങള്‍ (കലിമത്) അനന്തമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 

''നബിയേ പറയുക: 'സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്നു പോവുകതന്നെ ചെയ്യുമായിരുന്നു. അതിനു തുല്യമായി മറ്റൊരു സമുദ്രം കൂടി സഹായത്തിന് കൊണ്ടുവന്നാലും ശരി'(18:109).

Feedback