Skip to main content

അല്‍ ഹലീം

അല്‍ഹലീം (സഹന ശീലന്‍) എന്നത് അല്ലാഹുവിന്റെ നാമമായി വിശുദ്ധ ഖുര്‍ആനില്‍ 11 തവണ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ബോധപൂര്‍വമല്ലാതെ' പറഞ്ഞു പോകുന്ന അബദ്ധവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല, പക്ഷേ നിങ്ങള്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്, അല്ലാഹു ഏറെ പൊറുക്കുന്നവനും സഹന ശീലനുമാകുന്നു’ (2:225). 

അല്ലാഹു സര്‍വ്വാധികാരിയും സര്‍വജ്ഞനുമാണ്. അനുഗ്രഹദാതാവായ അവന്റെ കല്പനകളെ ധിക്കരിച്ച് താന്തോന്നികളായി കഴിഞ്ഞു കൂടുന്ന അനേകം പേരുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാതെ, നിശ്ചിത അവധിവരെ അവര്‍ക്ക് ഭൂമിയില്‍ വിഹരിക്കാന്‍ അനുമതി കൊടുക്കുന്നത് അവന്റെ തുല്യതയില്ലാത്ത സഹനത്തിന്റെയും കാരുണ്യത്തിന്റെയും ഫലമാണ്. ഇത് അവന്റെ സഹനശീലം (ഹില്‍മ്) എന്ന വിശേഷണ ഗുണത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു: ‘‘അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ (ഉടനെത്തന്നെ) അവരെ പിടിച്ച് ശിക്ഷിക്കുകയായിരുന്നെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവേയും അവന്‍ വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധി വരെ അവരെ അവന്‍ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക്) രക്ഷപ്പെടാനാവില്ല. കാരണം തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു'’(35:45).

സത്യവചനങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അതിന് ചെവികൊടുക്കാതെ പുറം തിരിഞ്ഞു കളഞ്ഞ അവിശ്വാസികള്‍ ഇത് സത്യമാണെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ മേല്‍ ശിക്ഷ ഇറങ്ങുന്നില്ല എന്ന് പറഞ്ഞ്‌കൊണ്ട് ധൃതി കൂട്ടിയവരാകുന്നു. എന്നിട്ടും 'ഹലീമാ'യ അല്ലാഹു പറയുന്നു: ‘‘അല്ലാഹുവേ ഇത് നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടേ മേല്‍ ആകാശത്ത് നിന്ന് കന്‍മഴ വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവിശ്വാസികള്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല''(8:32,33).

അസ്സ്വബൂര്‍ (അങ്ങേയറ്റം ക്ഷമാശീലമുള്ളവന്‍) എന്ന വിശേഷണനാമം അല്‍ ഹലീം (സഹന ശീലന്‍) എന്ന ഗുണനാമത്തിന്റെ ആശയ പരിധിയില്‍ വരുന്നതാണ്.
 

Feedback