ശിഫാഅ് എന്ന അറബി പദത്തിന് ശമനം എന്നാണ് അര്‍ഥം. ശാരീരികവും മാനസികവുമായ രോഗങ്ങളില്‍ നിന്ന് മോചനം നല്‍കുന്നവന്‍ എന്ന അര്‍ഥത്തില്‍ ശാഫീ (രോഗങ്ങള്‍ ഭേദപ്പെടുത്തുന്നവന്‍) എന്ന് പ്രയോഗിക്കാറുണ്ട്. രോഗങ്ങള്‍ ഭേദപ്പെടാന്‍ രോഗ നിര്‍ണയവും ചികിത്സയും വൈദ്യന്റെ മാര്‍ഗനിര്‍ദ്ദേശവുമൊക്കെ കാരണമാകുമെങ്കിലും യഥാര്‍ഥത്തില്‍ ശമനം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. അവന്‍ മാത്രമേ ശമനം നല്‍കാന്‍ കഴിയുന്നവനായിട്ടുള്ളൂ. അത്‌കൊണ്ട് അശ്ശാഫീ (ശമനം നല്‍കുന്നവന്‍) എന്ന വിശേഷണത്തിന് അല്ലാഹുവാണ് ഏറ്റവും അര്‍ഹന്‍. റബ്ബുല്‍ ആലമീനാരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുതരുന്നത് ഇപ്രകാരമാണ്. “അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍, എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍, എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന്‍ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ, അവന്‍” (26:78-82).
എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട് എന്നും രോഗമായാല്‍ ചികിത്സിക്കുകയാണ് വേണ്ടതെന്നും നബി(സ) ഉണര്‍ത്തി. അല്ലാഹു ഉദ്ദേശിച്ചാല്‍ രോഗശമനം ഉണ്ടാകുമെന്ന് അറിയിച്ച തിരുനബി(സ) രോഗിയെ സന്ദര്‍ശിച്ചുകൊണ്ട് പ്രാര്‍ഥിക്കേണ്ട ഒരു പ്രാര്‍ഥന നമുക്ക് പഠിപ്പിച്ചുതന്നു. ഈ പ്രാര്‍ഥനയില്‍ അല്ലാഹു അശ്ശാഫിയാണ് (ശമനം നല്‍കുന്നവന്‍) എന്നത് അല്ലാഹുവിന്റെ വിശേഷണമായി റസൂല്‍(സ) എടുത്തു പറയുന്നു. ആഇശ(റ)പറയുന്നു: 'നബി(സ) ഒരു രോഗിയുടെ അടുക്കല്‍ ചെന്നാല്‍, അല്ലെങ്കില്‍ (പ്രവാചകന്റെ സന്നിധിയിലേക്ക്) രോഗിയെ കൊണ്ടുവന്നാല്‍ അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു: ജനങ്ങളുടെ രക്ഷിതാവേ, നീ പ്രയാസത്തെ ഇല്ലാതാക്കേണമേ, നീ രോഗത്തിന് ശമനം നല്‍കേണമേ, നീയാണ് യഥാര്‍ഥത്തില്‍ ശമനം നല്‍കുന്നവന്‍, നിന്റെ ശമനമല്ലാതെ ശമനമില്ല, ഒരു രോഗവും അവശേഷിക്കാത്ത ശമനം (ബുഖാരി-5678).
അല്ലാഹുവിന്റെ ഗുണനാമമായി അശ്ശാഫീ എന്ന് വിശുദ്ധ ഖുര്‍ആനില്‍ ഒറ്റ നാമമായി പ്രയോഗിച്ചിട്ടില്ല. എന്നാല്‍, ഫഹുവ യശ്ഫീനി (അവനാകുന്നു എനിക്ക് ശമനം നല്‍കുന്നവന്‍) എന്ന സൂക്തത്തില്‍ നിന്ന് ആ നാമത്തില്‍ ഉദ്ദേശിക്കപ്പെടുന്ന ആശയം നമുക്ക് ലഭിക്കുന്നു.
സന്മാര്‍ഗവും സദ്ഗുണങ്ങളും സമുന്നത സംസ്‌കാരവും പ്രദാനം ചെയ്യുന്ന അവന്റെ വിശുദ്ധ ഗ്രന്ഥത്തെ 'ശമനം' (ശിഫാഅ്) എന്ന് അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്. “സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്കത് നഷ്ടമല്ലാത മറ്റൊന്നും വര്‍ധിപ്പിക്കുന്നില്ല”(17:82).
ഐഹിക ജീവിതത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സകലമാന പ്രശ്‌നങ്ങള്‍ക്കുമുള്ള അടിസ്ഥാന പരിഹാരം നിര്‍ദ്ദേശിക്കുന്നത് വിശുദ്ധ ഖുര്‍ആനാണ്. പ്രതിസന്ധികളില്‍ നിന്നുള്ള പോംവഴിയും രോഗങ്ങള്‍ക്കുള്ള ശമനവും നല്‍കി, അല്ലാഹു, രക്ഷയുടെയും വിജയത്തിന്റെയും വഴിയിലേക്ക് നമ്മെ ക്ഷണിക്കുകയാണ്.