അദ്ദേഹം (ഇബ്രാഹിം) പറഞ്ഞു. താങ്കള്‍ക്ക് സലാം, താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു (19:47).
'അല്‍ഹഫിയ്യ്' എന്ന അല്ലാഹുവിന്റെ വിശേഷണനാമത്തിന്റെ അര്‍ഥം അങ്ങേയറ്റം ദയാവായ്്പും കൃപയും പ്രകടിപ്പിക്കുന്നവന്‍ എന്നാണ്. പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം നല്‍കാനും അവന്‍ അലിവും അനുകമ്പയും കാണിക്കുന്നവനാകുന്നു. പ്രവാചകന്മാരും സത്യവിശ്വാസികളും സദ്‌വൃത്തരും ഒക്കെ അല്ലാഹു അങ്ങേയറ്റം ദയയുള്ളവനാണെന്ന് മനസ്സിലാക്കിയവരായിരുന്നു. ജീവിത്തിലെ വിഷമ ഘട്ടങ്ങളില്‍, അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് അവനോട് പ്രാര്‍ഥിക്കാന്‍ അവര്‍ക്ക് കരുത്തേകിയത് അല്ലാഹു ഹഫിയ്യ് (ദയയുള്ളവന്‍) ആണെന്ന വിശ്വാസമാണ്. പ്രാര്‍ഥനക്ക് അവസരം നല്‍കുന്നതിലൂടെ അല്ലാഹു അടിമകളെ അവനിലേക്ക് അടുപ്പിക്കുന്നു. പ്രാര്‍ഥിച്ചവനെ അല്ലാഹു പ്രത്യേകം പരിഗണിക്കുന്നു. അവന്റെ തേട്ടമനുസരിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുന്നു. അവന്റെ കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്ന അല്ലാഹു, അവന് ഗുണകരമായത് തീരുമാനിക്കുന്നു. പ്രാര്‍ഥന ഒരിക്കലും വൃഥാവിലാകുന്നില്ല എന്നുറപ്പുള്ള വിശ്വാസി അല്ലാഹുവിന്റെ വിധിയില്‍ സമാധാനമടയുന്നു. ഇബ്രാഹീം(അ) വിഗ്രഹാരാധകനായ തന്റെ പിതാവിനോട് ഏകദൈവാരാധനയുടെ സന്ദേശം ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ ഞാന്‍ ഭയക്കുന്നു എന്നൊക്കെ പ്രിയപിതാവിനോട് പറഞ്ഞുനോക്കിയെങ്കിലും ഭീഷണി രൂപത്തിലായിരുന്നു പിതാവിന്റെ മറുപടി.
“അയാള്‍ പറഞ്ഞു. ഓ ഇബ്രാഹിം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്നെല്ലാം) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞ് ഓടിക്കുകതന്നെ ചെയ്യും. കൂറേ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ട് മാറിക്കൊള്ളണം” (19:46). പിതാവിനോടുള്ള ഉദ്‌ബോധനം ഫലിക്കാതെ ഭീഷണിയുടെ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്ന് കേട്ടപ്പോള്‍ പരമ കാരുണികനോട് അദ്ദേഹം പ്രാര്‍ഥിക്കുകയായിരുന്നു. അല്‍ഹഫിയ്യ് (ദയാനിധി) ആയ അല്ലാഹുവിന്റെ സദ്ഗുണത്തിലുള്ള ദൃഢവിശ്വാസം ആ പ്രവാചകനെ ധൈര്യശാലിയാക്കി.