വിശുദ്ധ ഖുര്‍ആനിലുടനീളം പ്രയോഗിക്കപ്പെട്ടിട്ടുള്ള ഒരു ദൈവിക നാമമാണ് റബ്ബ്. ഖുര്‍ആനിലെ പ്രഥമാധ്യായമായ സൂറ: ഫാത്തിഹയുടെ തുടക്കം തന്നെ ഇപ്രകാരമാണ്. ‘സ്തുതി' സര്‍വ്വലോക പരിപാലകനായ (റബ്ബ്) അല്ലാഹുവിനാകുന്നു(1:1).
പരിശുദ്ധ ഖുര്‍ആനില്‍ വന്ന പദങ്ങള്‍ക്ക് അര്‍ഥം വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായ അല്‍ മുഫ്‌റദാത്തില്‍ ‘റബ്ബ്' എന്ന പദത്തിന്റെ അര്‍ഥം ഒരു വസ്തുവിനെ അതിന്റെ പരിപൂര്‍ണത പ്രാപിക്കുന്നത് വരെ ഒരവസ്ഥയില്‍ നിന്ന് മറ്റോരവസ്ഥയിലേക്ക് കൊണ്ടുവരുന്നവനെന്നതാണ്.(അല്‍മുഫ്‌റദാത്ത്, പേജ് 184).
‘റബ്ബ്' എന്നതിന്റെ ഭാഷാര്‍ഥം ഉടമസ്ഥന്‍, നേതാവ്, നിയന്താവ് എന്നെല്ലാമാണെന്ന് ഹദീസിന്റെ പദങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായ ‘നിഹായ' യില്‍ വ്യക്തമാക്കുന്നു. (നിഹായ, വാള്യം-2 പേജ് 180).
രക്ഷിതാവ് എന്നോ നാഥന്‍ എന്നോ സാമാന്യമായി ഭാഷാന്തരം ചെയ്യപ്പെടുന്ന പദം കൂടിയാണ് റബ്ബ്. സര്‍വലോക രക്ഷിതാവാണ് അല്ലാഹു. പരമാണു മുതല്‍ നക്ഷത്ര ജാലങ്ങള്‍ വരെയും അമീബ മുതല്‍ നീലത്തിമിംഗലം വരെയുമുള്ള സകല സചേതന-അചേതന വസ്തുക്കളുടെയും സ്രഷ്ടാവും പരിപാലകനും സംരക്ഷകനും നിയന്താവുമാണവന്‍. സൃഷ്ടിക്കുക, സംരക്ഷിക്കുക, സംഹരിക്കുക, ഭക്ഷണം നല്‍കുക, അഭയം നല്‍കുക, എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുക, ഏറ്റവുമധികം ദയാലുവായിരിക്കുക, അദൃശ്യം അിറയുക, യഥാര്‍ഥ ഉടമാവകാശം അധീനപ്പെടുത്തുക, പാപമോചനം നല്‍കുക, നിയന്ത്രിക്കുക, കാര്യകാരണ ബന്ധത്തിന്നതീതമായി ഉപകാരമോ ഉപദ്രമോ ചെയ്യുക. വളര്‍ത്തിക്കൊണ്ട് വരിക, ദീനില്‍ നിയമങ്ങള്‍ നിര്‍മിക്കുക, ഭരമേല്‍പ്പിക്കപ്പെടുക, വിളിച്ചു പ്രാര്‍ഥിക്കപ്പെടുക, പുനര്‍ജീവിതം നല്‍കുക ഇവയെല്ലാം ചെയ്യുന്നവനും ഇവയ്ക്ക് അവകാശപ്പെട്ടവനും മാത്രമേ ഇലാഹാവാന്‍ പാടുള്ളൂ. ലാ ഇലാഹ ഇല്ലല്ലാഹ് അഥവാ അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ല എന്നതിന്റെ വിശാലമായ അര്‍ഥത്തില്‍ ഉപരിസൂചിത സംഗതികള്‍ ചെയ്യാന്‍ അവകാശപ്പെട്ടവന്‍ ഏകനാണെന്ന ആശയവും ഉള്‍ക്കൊള്ളുന്നു. ചുരുക്കത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ വിവക്ഷയില്‍ രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വ (തൗഹീദുറുബൂബിയ്യ)വും ഉള്‍ക്കൊള്ളുന്നുവെന്നു സാരം. അല്ലാഹുപറയുന്നു. ‘‘ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കാന്‍ വേണ്ടിയത്രെ അത്''(2:21).
പ്രവാചകന്മാരുടെ പ്രാര്‍ഥനകളിലെല്ലാം ‘റബ്ബേ' എന്ന ശൈലി സ്വീകരിച്ചതായി ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. പരിശുദ്ധ കഅ്ബാ മന്ദിരത്തിന്റെ അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഇബ്രാഹിം(അ) നബിയും മകന്‍ ഇസ്മാഈല്‍(അ) ഉം കൂടി നടത്തിയ പ്രാര്‍ഥന (2:127), ആദ്യപിതാവ് ആദവും പത്‌നി ഹവ്വാഉം കൂടി നടത്തിയ പ്രാര്‍ഥന (7:23), സ്വപ്ന വാര്‍ത്തകളുടെ വ്യാഖ്യാനം അറിയാമായിരുന്ന യൂസുഫ് നബി(അ) നടത്തിയ പ്രാര്‍ഥന (12:102) എന്നിവയിലെല്ലാം റബ്ബ് എന്ന പദപ്രയോഗമാണുള്ളത്. ജലപ്രളയ ഘട്ടത്തില്‍ കപ്പലില്‍ കയറിയ നൂഹ് നബി(അ)യോട് അല്ലാഹു നിര്‍ദേശിക്കുന്ന പ്രാര്‍ഥനയിലും മുഹമ്മദ് നബി(സ)ക്ക് അല്ലാഹു പഠിപ്പിക്കുന്ന പ്രാര്‍ഥനയിലും റബ്ബ് എന്ന പ്രയോഗമാണുള്ളത്.