Skip to main content

അല്‍ അലിയ്യ്, അല്‍ അഅ്‌ലാ, അല്‍ മുതആല്‍

അത്യുന്നതന്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന അല്ലാഹുവിന്റെ ഗുണനാമങ്ങളാണ് അലിയ്യ്, അല്‍ അഅ്‌ലാ, അല്‍ മുതആല്‍ എന്നിവ. അല്‍ അലിയ്യ് എന്ന ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ 8 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ‘‘നിശ്ചയമായും അല്ലാഹു അത്യുന്നതനും മഹാനുമാകുന്നു''(22:62).

‘‘അത്യുന്നതന്നായ (അല്‍ അഅ്‌ലാ) നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക''(87:1).

‘‘പ്രത്യുപകാരം നല്‍കപ്പെടേണ്ട യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല; തന്റെ അത്യുന്നതനായ (അല്‍ അഅ്‌ലാ) രക്ഷിതാവിന്റെ പ്രീതിതേടുക എന്നതല്ലാതെ’’(92:19-20).

‘‘അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും (അല്‍ മുതആല്‍) ഉദാരനുമാകുന്നു അവന്‍’’ (13:9).

അല്ലാഹു അവന്റെ സത്തയിലും കഴിവിലും ആധിപത്യത്തിലും വിജ്ഞാനത്തിലും പ്രതാപത്തിലും വിശേഷണങ്ങളിലും എല്ലാം അത്യുന്നത പദവിയിലാണ് ഉള്ളത്. താന്‍ സിംഹാസനത്തിന് മുകളിലാണെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. സിംഹാസനമെന്നത് ജഡിക വസ്തുക്കളില്‍ ഏറ്റവും മഹത്തായതാണ്. എല്ലാത്തിനേക്കാളും ഉന്നതമാണതിന്റെ സ്ഥാനം. അല്ലാഹു പദവിയില്‍ എല്ലാവരേക്കാളും മേലെയാണെന്ന് കുറിക്കാനാണ് താന്‍ സിംഹാസനത്തിന് മേലെയാണെന്ന് അവന്‍ പറഞ്ഞിരിക്കുന്നത്. ‘‘പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു”(20:05).

അല്ലാഹുവിന്റെ പരമോന്നതി നിരുപാധികമാണ്. അവനൊഴികെയുള്ള സകലതും താഴെയുള്ളതിനെ അപേക്ഷിച്ചാണ് ഉന്നതമാകുന്നത്. മീതെയുള്ളതിനെ അപേക്ഷിച്ചാണ് താഴെയാകുന്നത്. എന്നാല്‍ അള്ളാഹുവിന്റെ സ്ഥിതി തീര്‍ത്തും ഭിന്നമാണ്. ഒരു വസ്തുവിനെയും അതിന്റെ ഹേതുവിനെയും പദവി നിശ്ചയിക്കുമ്പോള്‍ പദവിയില്‍ ഉന്നത സ്ഥാനം ഹേതുവിനാണ്. അപ്പോള്‍ ഏറ്റവും വലിയ ഔന്നത്യത്തിന് അര്‍ഹത ഹേതുക്കളെ ഉണ്ടാക്കിയവനായിരിക്കും. അതായത് അല്ലാഹുവിന് അല്ലാഹുവിന്റെ ഔന്നത്യത്തിന്റെയും മഹത്വത്തിന്റെയും അടയാളങ്ങളില്‍ പെട്ടതുതന്നെയാണ് വിശുദ്ധഗ്രന്ഥം, സത്യദീന്‍, അവന്റെ സച്ചരിതരും സത്യസന്ധരുമായ അടിമകള്‍ എന്നിവര്‍.

അഅ്‌ലാ, അലിയ്യ് എന്നൊക്കെ വേദഗ്രന്ഥത്തെയും പ്രവാചകനെയും ഉദ്ദേശിച്ച് ഖുര്‍ആനില്‍ പ്രയോഗിക്കുമ്പോള്‍ അതില്‍ ഉദ്ദേശിക്കപ്പെടുന്നത് അതിന്റെയെല്ലാം സാക്ഷാല്‍ ഹേതുവായ അല്ലാഹുവിന്റെ ഔന്നത്യവും അത്യുന്നത പദവിയുമാണ്. വിശുദ്ധ ഖുര്‍ആനെക്കുറിച്ച് അല്ലാഹു പറഞ്ഞ് തരുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: ‘‘തീര്‍ച്ചയായും അത് മൂലഗ്രന്ഥത്തില്‍ നമ്മുടെ പക്കല്‍ സൂക്ഷിക്കപ്പെട്ടതത്രേ. അത് ഉന്നതവും (ലഅലിയ്യുന്‍) വിജ്ഞാനസമ്പന്നവും തന്നെയാകുന്നു’’(43:4). ജാലവിദ്യക്കാരോട് ഏറ്റുമുട്ടേണ്ടി വന്ന മൂസാ (അ) നബിയുടെ മനസ്സില്‍ ഭയം അങ്കുരിച്ചപ്പോള്‍ അല്ലാഹു നല്‍കുന്ന സമാശ്വാസം ഇപ്രകാരമാണ്: ‘‘അപ്പോള്‍ മൂസാക്ക് തന്റെ മനസ്സില്‍ ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട, തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍(അന്‍തല്‍ അഅ്‌ലാ)’’(20: 67-68). സാക്ഷാല്‍ ഔന്നത്യത്തിന്റെ ഉടമസ്ഥന്‍ അല്ലാഹു മാത്രമായത് കൊണ്ട് സൃഷ്ടികളെ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അധികാരവും കഴിവുമുള്ളവനും അവന്‍ മാത്രമാണ്. നബി(സ) പറഞ്ഞു: ‘നിശ്ചയം അല്ലാഹു ഈ വേദഗ്രന്ഥം കൊണ്ട് ചില ആളുകളെ ഉയര്‍ത്തും ചിലരെ അതുകൊണ്ട് താഴ്ത്തും' (മുസ്‌ലിം).

സകല വസ്തുക്കളുടെയും സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ അത്യുന്നത പദവിയെ വകവെക്കാനോ മറ്റുവല്ലതിനോടും സാമ്യപ്പെടുത്താനോ ഒരു നിലക്കും സാധ്യമല്ല. അത്യുന്നതന്‍ എന്നര്‍ഥമുള്ള അല്‍ അലിയ്, അല്‍ അഅ്‌ലാ, അല്‍ മുതആല്‍ എന്ന ഗുണനാമത്തിന് യഥാര്‍ഥ അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
 

Feedback