Skip to main content

അര്‍റഊഫ്

വിശുദ്ധ ഖുര്‍ആനില്‍ അര്‍റഊഫ് എന്ന നാമവിശേഷണം പത്ത് ആയത്തുകളില്‍ വന്നിട്ടുണ്ട്. റഹീം എന്ന നാമവിശേഷണത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് റഊഫ് എന്ന് പ്രയോഗിക്കപ്പെട്ടതായി കാണാന്‍ കഴിയും. 'തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവുനും കരുണാനിധിയുമാകുന്നു' (2:143).

“അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടൈ സ്ഥിതി എന്താകുമായിരുന്നു.)'' (24:20).  കാരുണ്യം (റഹ്മത്ത്) എന്നത് വിശാലാര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പദമാണെങ്കില്‍ റഅ്ഫത്ത് (ദയ) പ്രത്യേകമായ കാരുണ്യത്തെയും ദയയെയും സൂചിപ്പിക്കുന്നു. റഅ്ഫത്ത് എന്ന പദത്തിന്റെ വിവക്ഷ അബൂഉബൈദ മജാസുല്‍ ഖുര്‍ആനില്‍ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: 'അനുകമ്പയും ദയയും എല്ലാം ഉള്‍ച്ചേര്‍ന്ന കാരുണ്യത്തിന്റെ തീക്ഷ്ണ ഭാവമാണത്. 

റഅ്ഫത്ത് എന്ന പദപ്രയോഗം ഖുര്‍ആനില്‍ അന്നൂര്‍ അധ്യായത്തില്‍ വന്നിട്ടുണ്ട്' (24:2). സൃഷ്ടികള്‍ക്കിടയിലുണ്ടാകേണ്ട ദയാവായ്പും, അനുകമ്പയും (റഅ്ഫത്ത്) എന്നാണ് ഉദ്ദേശ്യം. റഊഫ് എന്ന് അല്ലാഹു മുഹമ്മദ് നബി(സ)യെ വിശേഷിപ്പിച്ചിട്ടുണ്ട്. 'തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും (റഊഫ്) കാരുണ്യവാനുമാണ് അദ്ദേഹം'(9:128). അത് മനുഷ്യവികാരമായ ദയയും വാത്സല്യവുമെല്ലാമാണ്.

Feedback