“തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും (അല്‍ബര്‍റ്) കരുണാനിധിയും (അര്‍റഹീം) (52:28).
അല്‍ബര്‍റ് എന്നത് അല്ലാഹുന്റെ സര്‍വ ജീവ ജാലങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നതും തുല്യപ്പെടുത്താനാവാത്തതുമായ നന്മയുടെയും ധര്‍മത്തിന്റെയും ഔദാര്യത്തിന്റെയും വിശാലതയെ കുറിക്കുന്ന പദമാണ്. കാരുണ്യത്തിന്റ ഒരിക്കലും വറ്റാത്ത ഉറവയായ പരമകാരുണികനില്‍ നിന്ന് സദാ ഔദാര്യവും നന്മയും ഗുണവും എല്ലാവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു നന്മ പ്രവര്‍ത്തിച്ചാല്‍ അതിന് പത്തിരട്ടിയും അതിലുമെത്രയോ ഏറെയും പ്രതിഫലം ലഭിക്കുന്നതും, തിന്മയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ പശ്ചാത്താപത്തിനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നത് അവന്‍ നല്കുന്ന നന്മയാണ്. തിന്മക്ക് തത്തുല്യമായ ശിക്ഷ നടപ്പിലാക്കുകയല്ലാതെ ക്രൂരനിലപാടുകള്‍ അടിമകളോട് അല്ലാഹു സ്വീകരിക്കുന്നില്ല. കാരണം, അവന്‍ അല്‍ബര്‍റ് (അത്യുദാരന്‍) ആണ്.
അടിമകളോട് സദാ നന്മ ചെയ്തുകൊണ്ടിരിക്കുന്നവന്‍ എന്ന് കൂടി അര്‍ഥം കല്‍പ്പിക്കാവുന്ന പ്രയോഗമാണ് അല്‍ബര്‍റ്. അടിമകളോട് അത്യധികം സ്‌നേഹവും ദയയും നന്മയും സദാകാണിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു കല്‍പ്പിക്കുന്നതാവട്ടെ, അടിമകള്‍ക്കിടയില്‍ പരസ്പരം സ്‌നേഹവും നന്മയും ധര്‍മവും ദയാവായ്പും നിലനിര്‍ത്തിപ്പോരുന്ന ജീവിത രീതി ഉണ്ടാവണമെന്നാണ്. മാതാപിതാക്കളോട് നന്മ ചെയ്യല്‍, അയല്‍വാസികളെ ആദരിക്കല്‍, കുടുംബ ബന്ധം ചേര്‍ക്കല്‍, അനാഥകളെ ആദരിക്കല്‍ മുതലായവയിലൂടെ സൃഷ്ടികള്‍ക്കിടയില്‍ നന്മയും ഔദാര്യവും നിലനില്‍ക്കുന്നു. നന്മകള്‍ നിറഞ്ഞ ഇത്തരമൊരു ജീവിതത്തിന് അതീവ പ്രാധാന്യമുള്ളതുകൊണ്ടാണ്, മതവിശ്വാസത്തിന്റെ ഭാഗമായി ഇതെല്ലാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു അവന്റെ അടിമകളോട് അങ്ങേയറ്റം നന്മ ചെയ്യുന്നവനും ഉദാരസമീപനം സ്വീകരിക്കുന്നവനുമായതുകൊണ്ടാണ് സൃഷ്ടികള്‍ തമ്മിലുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന നന്മകളെ അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സൃഷ്ടികള്‍ക്കിടയില്‍ സന്തോഷവും സ്‌നേഹവും ഉദാരചിന്തയും നിലനില്‍ക്കാതെ ജീവിതം മുന്നോട്ട് പോയാല്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴും. സ്രഷ്ടാവില്‍ നിന്ന് കാരുണ്യവും സ്‌നേഹവും സദാ അനുഭവിക്കുന്ന മനുഷ്യര്‍, ഐഹിക ജീവിതത്തില്‍ സൃഷ്ടികള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ദയയും പ്രസരിപ്പിച്ചാല്‍ മാത്രമേ അത്യുദാരനായ അല്ലാഹുവിന്റെ കാരുണ്യം അവര്‍ക്ക് ലഭിക്കുകയുള്ളൂ. ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കാത്തവനോട് ആകാശത്തുള്ളവന്‍ കാരുണ്യം കാണിക്കുകയില്ല. 'നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കു'മെന്ന് നബി(സ) പഠിപ്പിച്ചുതന്നിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാണ്. സൃഷ്ടികളോട് ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നതിനും അവര്‍ക്ക് നന്മചെയ്യുന്നതിനും അല്ലാഹു വമ്പിച്ച പ്രതിഫലമാണ് വാഗ്ദാനം ചെയ്തത്.