അല്ലാഹുവിന്റെ വിശിഷ്ടനാമങ്ങളായി അല്‍ വലിയ്യ്, അല്‍ മൗലാ (രക്ഷകന്‍) എന്നിവ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. മുഴുവന്‍ സൃഷ്ടികളുടെയും രക്ഷയ്ക്കും സമാധാനപൂര്‍ണമായ ജീവിതത്തിനും അനുപേക്ഷണീയമായിട്ടുള്ള സകലകാര്യങ്ങളും നിയന്തിച്ചും നടപ്പിലാക്കിയും പോരുന്നവന്‍ അല്ലാഹു മാത്രമാണ്. അല്‍ വലിയ്യ്, അല്‍ മൗലാ എന്നീ നാമങ്ങള്‍ ആ അര്‍ഥത്തില്‍ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. അല്ലാഹു പറയുന്നു: 'മനുഷ്യര്‍ നിരാശപ്പെട്ടു കഴിഞ്ഞതിന് ശേഷം മഴ വര്‍ഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍ അവന്‍ തന്നെയാകുന്നു. അവന്‍ തന്നെയാണ് സ്തുത്യര്‍ഹനായ രക്ഷാധികാരി'(42:28). അല്‍ വലിയ്യ് (രക്ഷകന്‍) എന്ന അല്ലാഹുവിന്റെ ഗുണനാമത്തില്‍ സ്‌നേഹനിധി (അല്‍ മുഹിബ്ബ്), സഹായി (അന്നാസ്വിര്‍), മോചിപ്പിക്കുന്നവന്‍ (അല്‍മുഅ്തിഖ്), അനുഗ്രഹദാതാവ് (അല്‍ മുന്‍ഇം), യജമാനന്‍ (അസ്സയ്യിദ്), രാജാവ് (അല്‍ മലിക്), പരിപാലകന്‍ (അര്‍റബ്ബ്) തുടങ്ങിയ അര്‍ഥങ്ങളെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭാഷാപരമായ 'അല്‍വലായ' എന്ന പദധാതുവില്‍ നിന്നാണ് അല്‍വാലി എന്ന ഗുണനാമം നിഷ്പന്നമായിട്ടുള്ളത്. അല്‍ വലായ എന്നതിന് ഭാഷയില്‍ അര്‍ഥമാക്കപ്പെടുന്നത് സാമീപ്യം എന്നാണ്. അല്‍ വലിയ്യ്, അല്‍ വാലി എന്ന് പറയുമ്പോള്‍ സൃഷ്ടികളോടെല്ലാം സാമീപ്യം ഉള്ളവനും അവരുടെ മേല്‍ അധികാരവും ആധിപത്യവും ഉടമപ്പെടുത്തിയവനുമാകുന്നു. അതുകൊണ്ട് തന്നെ അവരുടെ കാര്യങ്ങളെല്ലാം ഏറ്റെടുത്ത് നിയന്ത്രിച്ച് നടപ്പിലാക്കി പോരുവാന്‍ അര്‍ഹതയുള്ളവന്‍ എന്നാണ് ഈ പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.
രക്ഷാധികാരി എന്ന അര്‍ഥത്തില്‍ തന്നെ അല്‍ മൗലാ എന്ന പദപ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ 12 സ്ഥലങ്ങളില്‍ ഉണ്ട്. 'നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മുറുകെ പിടിക്കുകയും ചെയ്യുക അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി, എത്ര നല്ല സഹായി'(22:78).
സത്യവിശ്വാസികള്‍ക്ക് സഹായവും സംരക്ഷണവും മാര്‍ഗദര്‍ശനവും നല്‍കിക്കൊണ്ട് അല്ലാഹു അവരുടെ രക്ഷാധികാരിയാകുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്: 'വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രേ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു'(2:257).
നബി(സ)ക്കും സച്ചരിതരായ അനുചരര്‍ക്കും അവരേക്കാള്‍ അംഗബലം ഏറേയുള്ള അവിശ്വാസികളുടെ മേല്‍ വിജയവും പ്രതാപവും നേടാന്‍ സാധിച്ചത് അല്ലാഹു അവരുടെ വലിയ്യ് ആയതുകൊണ്ടാണ്. സത്യവിശ്വാസമാണ് അല്ലാഹുവിന്റെ സഹായവും രക്ഷയും ലഭിക്കാന്‍ അവരെ യോഗ്യരാക്കിയത്. അല്ലാഹുവിലുള്ള സൂക്ഷ്മതയും സത്യവിശ്വാസവും സദ്കര്‍മങ്ങളുമാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍ (മിത്രങ്ങള്‍) എന്ന നിലക്ക് അവരോട് അടുപ്പവും അവന്റെ സംരക്ഷണവും രക്ഷയും ലഭിക്കാന്‍ അര്‍ഹരാകുന്നതെന്ന് അല്ലാഹു പഠിപ്പിക്കുന്നു: 'തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല; അവര്‍ ദുഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനത്രേ അവന്‍'(10:62-63).
സകല സൃഷ്ടികള്‍ക്കും രക്ഷകനായിട്ടുള്ളവന്‍ (അല്‍ വലിയ്യ്, അല്‍ മൗലാ) അല്ലാഹു മാത്രമാണ്.