Skip to main content

അശ്ശുകൂര്‍

അല്പകാലത്തെ കര്‍മങ്ങള്‍ക്ക് പകരമായി പരലോകത്തെ ശാശ്വതമായ സുഖസന്തോഷം നല്‍കുന്നവനാണ് അശ്ശുകൂര്‍(വളരേ നന്ദിയുള്ളവന്‍). വലിയ പാപങ്ങളെപ്പോലും അവന്‍ മാപ്പാക്കുന്നു. നന്മക്ക് പത്തിരട്ടിയോളം പ്രതിഫലം നല്‍കുന്നു. തിന്മയ്ക്ക് തത്തുല്യമായ ശിക്ഷ മാത്രമേ നല്‍കുന്നുള്ളൂ. പശ്ചാത്താപത്തിലൂടെ തിരിച്ചു വരാനുള്ള വഴിയും അവന്റെ മുന്നിലുണ്ട്. അല്ലാഹുവിലേക്ക് ആരെങ്കിലും ഒരു ചാണ്‍ അടുത്താല്‍ അല്ലാഹു അവനിലേക്ക് ഒരു മുഴം അടുക്കും. ചെറിയ നന്മകള്‍ക്ക് പോലും കണക്കറ്റ പ്രതിഫലവും സ്വര്‍ഗത്തിലെ ശാശ്വതസൗകര്യങ്ങളും വാഗ്ദാനം ചെയ്ത അല്ലാഹു മാത്രമാണ് അശ്ശുക്കൂര്‍ (വളരെ നന്ദിയുള്ളവന്‍) എന്ന വിശേഷണ നാമത്തിന് അര്‍ഹന്‍. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ് അല്ലാഹു ഏറ്റവുമധികം നന്ദിയുള്ളവനും സഹന ശീലനുമാകുന്നു'(64:17). 

അടിമകളുടെ നന്മകള്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ അല്ലാഹു കാണിക്കുന്ന ഈ ഉദാരസമീപനം അല്ലാഹുവിന്റെ അശ്ശുക്കൂര്‍ എന്ന നാമവിശേഷണത്തെ അന്വര്‍ഥമാക്കുന്നു. അടിമകളുടെ തിന്മകള്‍ക്ക് അപ്പപ്പോള്‍ ശിക്ഷ നടപ്പിലാക്കി പരുഷ നടപടികള്‍ അവരോട് വേണമെങ്കില്‍ അല്ലാഹുവിന് എടുക്കാമായിരുന്നു. അവന്‍ തന്റെ അടിമകളോട് അങ്ങേയറ്റം സ്‌നേഹവും നന്ദിയും ഉള്ളത്‌കൊണ്ട് പശ്ചാതാപത്തിനും പാപമോചനത്തിനും അനവധി അവസരങ്ങള്‍ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. അല്ലാഹു ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി ബോധത്തോടെ ജീവിച്ചവന്റെ നന്മകളെ അല്ലാഹു പ്രശംസിക്കുകയും പരലോകത്തെ ശാശ്വത വിജയത്തിന്റെ സുവിഷേശം അറിയിക്കുകയും ചെയ്യുന്നു. 

വിശുദ്ധ ഖുര്‍ആനില്‍ അശ്ശുകൂര്‍ (വളരേ നന്ദിയുള്ളവന്‍) എന്ന അള്ളാഹുവിന്റെ നാമം 4 സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്‍ഗഫൂര്‍ എന്ന നാമവിശേഷണത്തോട് അശ്ശുകൂര്‍ എന്ന് പ്രയോഗിച്ചത് സൂറത്ത് ഫാത്വിറിലെ മുപ്പതാമത്തെ സൂക്തത്തിലാണ്: ‘‘അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കികൊടുക്കുവാനും അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറേ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു''(35:30).

അശ്ശാകിര്‍ എന്ന പ്രയോഗം വന്നിട്ടുള്ള സൂക്തങ്ങള്‍ താഴെ പറയുന്നു. 

‘‘തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അള്ളാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ ത്വവാഫ് ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സ്വയം സന്നദ്ധനായി സത്കര്‍മം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമാകുന്നു''(2:158).

‘‘നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്? അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമാകുന്നു'' (4:147)

അല്ലാഹു അവന്റെ അടിമകള്‍ക്ക് ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങളെ എണ്ണിത്തിട്ടപ്പെടുത്താനാവില്ല പൂര്‍ണാര്‍ഥത്തില്‍ ദാസന് അവന്റെ റബ്ബിനോട് നന്ദി പ്രകാശിപ്പിക്കാനും കഴിയില്ല. എന്നിരുന്നാലും അല്ലാഹുവിന് നന്ദിയുള്ളവരായി ജീവിക്കുന്ന അടിമകളോട് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നത് ഇപ്രകാരമാണ്: ‘‘നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹം വര്‍ധിപ്പിച്ചു തരുന്നതാണ്, എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം ശ്രദ്ധേയമത്രേ''(14:7).

അടിമകളോട് ഏറ്റവും കൃതജ്ഞതയുള്ളവന്‍ അല്ലാഹുവാണെന്ന് ഉപരിസൂചിത ഖുര്‍ആന്‍ സൂക്തവും പഠിപ്പിക്കുന്നു. അശ്ശുകൂര്‍ (ഏറ്റവും നന്ദിയുള്ളവന്‍) എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
 

Feedback