സര്‍വവിധ മഹത്വവും ആദരവും അര്‍ഹിക്കുന്നവന്‍ അല്ലാഹുമാത്രമാണ്. സൃഷ്ടികള്‍ക്ക് ആര്‍ക്കെങ്കിലും ലഭിച്ചുകൊണ്ടിരിക്കുന്ന ആദരവോ മഹത്വമോ യഥാര്‍ഥ മഹത്വത്തിനും ആദരവിനും അര്‍ഹനായ അല്ലാഹുവിന്റെ മഹത്വത്തിനോട് യാതൊരു നിലക്കും സാമ്യപ്പെടുത്താവതല്ല. അല്ലാഹുവിന്റെ മഹത്വവും ആദരവും എന്നെന്നും നിലനില്‍ക്കുന്നതും തുല്യതയില്ലാത്തതുമാണ്. അല്ലാഹു പറയുന്നു. “അവിടെ (ഭൂമുഖത്ത്) ഉള്ള എല്ലാവരും നശിച്ചുപോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്''. (55:26,27).
മഹത്വവും ഔദാര്യവും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ നാമം ഉത്കൃഷ്ടമായിരിക്കുന്നു. (55:78). ഇക്‌റാം എന്ന പദത്തിന് ഉദാരത എന്നര്‍ഥമാണ് ഇവിടെ കല്‍പിക്കപ്പെട്ടരിക്കുന്നത്. ആദരവും ഔദാര്യവും കാരുണ്യവും ഒക്കെ അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് നല്‍കികൊണ്ടിരിക്കുന്നു. സ്വര്‍ഗ്ഗം പാപമോചനം, ലളിതമായ വിചാരണ, പശ്ചാത്താപത്തിനുള്ള അസുലഭമായ അവസരങ്ങള്‍ എന്നിവയും അല്ലാഹു, അവന്റെ ഔദാര്യമായി അടിമകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ റസൂല്‍(സ) നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ മൂന്നു തവണ അസ്തഗ്ഫിറുല്ലാ (അല്ലാഹുവേ, ഞാന്‍ പാപമോചനം തേടുന്നു) എന്ന് പറഞ്ഞതിന് ശേഷം അല്ലാഹുവിന്റ മഹത്വത്തെയും, ആദരവിനെയും എടുത്ത് പറഞ്ഞുകൊണ്ട് അവനോട് പ്രാര്‍ഥിക്കുമായിരുന്നു. “അല്ലാഹുവേ നീയാണ് രക്ഷ, നിന്നില്‍ നിന്നാണ് രക്ഷ. മഹത്വത്തിനും ഔദാര്യത്തിനുമുടമയായിട്ടുള്ളവനേ, നീ എത്ര അനുഗ്രഹമുള്ളവനാണ്!”