Skip to main content

അല്‍ വകീല്‍

സ്വയം ഭരമേല്‍ക്കാനുള്ള അര്‍ഹതയുള്ളതോടൊപ്പം തന്നിലര്‍പ്പിതമായ കാര്യം യാതൊരു വീഴ്ച്ചയും കൂടാതെ പൂര്‍ണമായി നിര്‍വഹിക്കുന്നവന്‍ ആണ് അല്‍ വകീല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നിരുപാധികമായി ഭരമേല്‍പ്പിക്കപ്പെടുന്നവന്‍ എന്ന ഗുണത്തിന് അര്‍ഹനായ അല്ലാഹു മാത്രമാണ് അല്‍ വകീല്‍.

അല്‍ വകീല്‍ എന്ന് അല്ലാഹുവിന്റെ വിശേഷണമായി വിശുദ്ധ ഖുര്‍ആനില്‍ 14 സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: 'ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ സൈന്യത്തെ ശേഖരിച്ചിരിക്കുന്നു. അവരെ ഭയപ്പെടണം എന്ന് ആളൂകള്‍ അവരോട് പറഞ്ഞപ്പോള്‍ അവരുടെ വിശ്വാസം വര്‍ധിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭാരമേല്‍പ്പിക്കാന്‍ ഏറ്റവും നല്ലത് അവനത്രേ' (3:173).

സൃഷ്ടികളുടെ കാര്യങ്ങള്‍ ഏറ്റെടുത്ത് പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയുന്നവന്‍ എന്ന വിശേഷണം അല്ലാഹുവിനെ അര്‍ഹനാക്കുന്ന ഗുണങ്ങള്‍ 4 എണ്ണമാണ്. 

1. ജ്ഞാനത്തിന്റെ സമഗ്രത 
2. കഴിവിന്റെ പൂര്‍ണത 
3. യുക്തിജ്ഞാനത്തിന്റെ സമ്പൂര്‍ണത 
4. കൈകാര്യകര്‍തൃത്വത്തിലെ ശാസ്ത്രീയത. 

സര്‍വനിയന്താവും സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വകീല്‍ എന്ന നാമവിശേഷണത്തിന് യോഗ്യനാവുന്നുള്ളൂ. അല്ലാഹു പറയുന്നു: ''വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്'' (65:3). നബി(സ) അരുളി: 'നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന വിധം ഭരമേല്‍പ്പിക്കുന്നവരാണെങ്കില്‍ പക്ഷികളെ ഭക്ഷിപ്പിക്കുന്നതു പോലെ നിങ്ങള്‍ക്കും ഭക്ഷണം തരും. വയറൊട്ടിയ അവസ്ഥയില്‍ അവ പ്രഭാതത്തില്‍ പോവുന്നു, നിറഞ്ഞ വയറുമായി വൈകുന്നേരം മടങ്ങുന്നു (അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ, ഇബ്‌നുഹിബ്ബാന്‍)

മനുഷ്യന് ഭൗതിക ജീവിതത്തില്‍ പരിമിതമായ അവന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും അല്ലാഹു നല്‍കുന്നുണ്ട്. ഐഹിക ജീവിതം പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാണ്. മനുഷ്യന്റെ പരിശ്രമങ്ങള്‍ക്ക് അവര്‍ നേടുന്ന വിജയങ്ങളിലും പുരോഗതിയിലും വലിയ പങ്ക് വഹിക്കാനും കഴിയും. തന്റെ സാധ്യതയുടെയും കഴിവിന്റെയും പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് മനുഷ്യന്റെ ബാധ്യതയാണ്. അതിലപ്പുറമുള്ളത് സര്‍വ്വ ശക്തനും സര്‍വജ്ഞനുമായ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നതാണ് കരണീയം. 

മനുഷ്യന്റെ ദുര്‍ബലാവസ്ഥയില്‍ അത്താണിയും അഭയവുമായി കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടാന്‍ അര്‍ഹനാണ് അല്‍ വകീല്‍. സൃഷ്ടികളുടെ കഴിവുകള്‍ക്ക് പരിധിയും പരിമിതിയും ഉള്ളതിനാലും അവയൊക്കെ അല്ലാഹുവെ ആശ്രയിച്ച് നിലനില്‍ക്കുന്നതിനാലും അല്ലാഹു അല്ലാത്തവരുടെ മേല്‍ ഭരമേല്‍പ്പിക്കാന്‍ പാടില്ല. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ മറ്റുള്ളവരെ പങ്കാളികളാക്കരുത്. അല്ലാഹു പറയുന്നു: എനിക്ക് പുറമെ യാതൊരു കൈകാര്യ കര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം) (17:2)
 

Feedback