അല്‍വത്ര്‍ എന്നതിന്റെ അര്‍ഥം ഒറ്റ, ഏകന്‍ എന്നിങ്ങനെയാണ്. അല്‍വത്ര്‍ എന്നും അല്‍വിത്ര്‍ എന്നും ഉച്ചാരണമുണ്ട്. അല്‍വത്ര്‍ എന്ന പദം, ഒറ്റ എന്ന അര്‍ഥത്തിലും അതിന്റെ വിപരീത പദമായ അശ്ശഫ്അ് ഇരട്ട എന്ന അര്‍ഥത്തിലും ഒരേ സൂക്തത്തില്‍ സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു. "ഇരട്ടയും ഒറ്റയും തന്നെയാണ് (സത്യം)" (89:3) ഇണയുള്ളതും ഇണയില്ലാത്തതും കൊണ്ട് അല്ലാഹു ഇവിടെ സത്യം ചെയ്ത് പറയുന്നു. യാതൊരുതരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യമോ ഒന്നുമില്ലാതെ എല്ലാ നിലക്കും പരിപൂര്‍ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്റെ സത്തയിലാകട്ടെ ഗുണങ്ങളിലാകട്ടെ പ്രവര്‍ത്തനങ്ങളിലാകട്ടെ അവന്ന് ഇണയും തുണയും പങ്കുമില്ല. അവനല്ലാതെയുള്ള വസ്തുക്കള്‍, അഥവാ സൃഷ്ടികള്‍ ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇരട്ടകളായിരിക്കും. നബി(സ) പറഞ്ഞിട്ടുള്ള ഒരു വചനം ഇവിടെ പ്രസ്താവ്യമാകുന്നു. “അല്ലാഹു ഒറ്റയാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. ആകയാല്‍ ഖുര്‍ആന്റെ ആള്‍ക്കാരേ, നിങ്ങള്‍ വിത്ര്‍ നമസ്‌കാരം നിര്‍വ്വഹിക്കുവിന്‍''
സത്തയിലും ഗുണത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം അല്ലാഹു ഒറ്റയാണ്. അല്ലാഹു എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതാകട്ടെ ഇണകളായിട്ടാണ്. ഒറ്റ അഥവാ ഏകന്‍ എന്ന വിശേഷണം സ്രഷ്ടാവിന് മാത്രമാണ് പൂര്‍ണാര്‍ഥത്തില്‍ പ്രയോഗിക്കാന്‍ അര്‍ഹതയുള്ളത്. അല്ലാഹു പറയുന്നു: എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി (51:49).
“ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍). നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ അവന്‍ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളില്‍ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു). അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നും ഇല്ല. അവനെല്ലാം അറിയുന്നവനും കേള്‍ക്കുന്നവനുമാകുന്നു” (42:11).
“ആകാശങ്ങളുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവനുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അവന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?” (19:65).