ദുല്‍ഫദ്വ്‌ല് (അനുഗ്രഹമുള്ളവന്‍) എന്നത് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ 12 തവണ സ്വന്തം വിശേഷണ നാമമായി പരിചയപ്പെടുത്തുന്നുണ്ട്. അല്‍ഫദ്വ്‌ല് എന്ന പദത്തിന് ഭാഷയില്‍ നന്മയിലുള്ള വര്‍ധനവ്, അനുഗ്രഹം, ഔദാര്യം എന്നൊക്കെ അര്‍ഥമുണ്ട്. മനുഷ്യന്‍ നേടുന്ന സര്‍വവിധ നന്മയും അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹമാണ്. അല്ലാഹു, അവന്റെ ഇഷ്ടദാസന്‍മാര്‍ക്ക് ഇഹത്തിലും പരത്തിലും പ്രത്യേകമായ ചില അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യും. സര്‍വവിധ അനുഗ്രഹങ്ങളുടെയും ദാതാവ് എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്ന് വരുവിന്‍. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്ക് വേണ്ടിയത് സജ്ജീകരിക്കപ്പെട്ടരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു” (57:21).
അല്‍ ഹദീദ് അധ്യായം അവസാനിക്കുന്നത് തന്നെ അല്ലാഹുവിന്റ അനുഗ്രഹത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടാണ്.
'അല്ലാഹുവിന്റ അനുഗ്രഹത്തില്‍ നിന്ന് യാതൊന്നും അധീനപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിവില്ലെന്നും തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്റെ പക്കലാണെന്നും അത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുമെന്നും വേദക്കാര്‍ അറിയാന്‍ വേണ്ടിയാണ് ഇത്. അല്ലാഹു മഹത്തായ അനുഗ്രഹ മുള്ളവനാകുന്നു' (57:29).
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും അവന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു” (8:29).
“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല നന്മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലും പെട്ട സത്യ നിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യംകൊണ്ട് അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്” (2:105).
സത്യവിശ്വാസികള്‍ക്കും സൂക്ഷ്മതപാലിച്ചു ജീവിക്കുന്നവര്‍ക്കും പ്രത്യേകമായി നല്‍കുന്ന കാരുണ്യവും അനുഗ്രഹവും ആണ് ഉപരിസൂചിത സൂക്തത്തില്‍ പരാമര്‍ശം. പൈശാചിക പ്രേരണക്ക് വശംവദനായി ദുര്‍മാര്‍ഗ്ഗത്തിലേക്ക് വ്യതിചലിച്ച് പോകാതെ സത്യമാര്‍ഗത്തില്‍ തന്നെ സ്ഥിരതയോടെ നിലനില്‍ക്കാന്‍ വിശ്വാസിക്ക് കരുത്ത് ലഭിക്കുന്നത്, അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ്. അല്ലാഹു വ്യക്തമാക്കുന്നു. “നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു” (4:83).
അല്ലാഹു കപട വിശ്വാസികളെയും ദൈവനിഷേധികളും ധിക്കാരികളുമായ മഹാപാപികളെയും ഇഹത്തില്‍ വെച്ച് ധൃതിയില്‍ ശിക്ഷയിലൂടെ പിടികൂടാതിരിക്കുന്നത് അവന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടു മാത്രമാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവരുടെ വിചാരം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസം എന്തായിരിക്കും? തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷേ, അവരില്‍ അധികപേരും നന്ദി കാണിക്കുന്നില്ല” (10:60).
സര്‍വ അനുഗ്രഹങ്ങളുടെയും ദാതാവായ അല്ലാഹു അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച് അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അവന്‍ ആര്‍ക്കെങ്കിലും നന്മയും അനുഗ്രഹവും ചൊരിഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ചാല്‍ അതിനെ തടയിടുന്ന ഒരാളും ഉണ്ടാകില്ല. ദുല്‍ഫള്‌ല് (അനുഗ്രഹമുള്ളവന്‍) എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.