Skip to main content

അല്‍ മുഖീത്ത്

അല്‍ മുഖീത്ത് എന്ന അല്ലാഹുവിന്റെ ഗുണനാമം പല അര്‍ഥത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായി ഉദ്ദേശിക്കുന്ന അര്‍ഥം അന്നദാതാവ് എന്നതാണ്. അതായത് അന്നം സൃഷ്ടിക്കുകയും സൃഷ്ടികള്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യുന്നവന്‍. അല്‍ റസാക്ക് എന്ന പദത്തിന്റെ വിവക്ഷയില്‍ ആന്തരികവും ബാഹ്യവുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അല്‍ മുഖീത്ത് എന്നത് കൊണ്ട് അര്‍ഥമാക്കപ്പെടുന്നത് ശരീരത്തിന്റെ നിലനില്പിന്നാവശ്യമായാമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നവന്‍ എന്നത് മാത്രമാണ്.

രണ്ടാമതായി ഉപയോഗിക്കപ്പെടുന്ന അര്‍ഥം മേല്‍നോട്ടം വഹിക്കുന്നവന്‍. അതിന് കഴിവും (ഖുദ്‌റത്ത്) അറിവും (ഇല്‍മ്) വേണം. യഥാര്‍ഥത്തിലുള്ള കഴിവും വിശാലമായ അറിവും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അല്‍ മുഖീത്ത് എന്ന പദം അല്‍ മുഖ്ദിര്‍ (കഴിവുള്ളവന്‍) എന്ന അര്‍ഥത്തിലും അല്‍ ഹാഫിള് അശ്ശാഹിദ് (മേല്‍നോട്ടം വഹിക്കുന്നവന്‍) എന്ന അര്‍ഥത്തിലും പ്രയോഗിക്കപ്പെടുന്നു. അല്ലാഹു പറയുന്നു: ‘‘വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്മയില്‍ ഒരു പങ്ക് അവനായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാ കാര്യങ്ങളുടെമേലും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു’’(4:85). സൃഷ്ടികള്‍ക്ക് ആഹാരത്തിനുള്ള വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും അവ തേടിപ്പിടിക്കാനും ശരീരപോഷണത്തിന് ഉപയുക്തമാകുംവിധം അത് ഉപയോഗിക്കാനും ഉള്ള കഴിവും അറിവും ബോധവും നല്‍കുന്നതും അല്ലാഹു മാത്രമാണ്. അല്‍ മുഖീത്ത് എന്ന ഗുണനാമം പ്രത്യക്ഷത്തില്‍ എടുത്ത് പറയാതെ ആലങ്കാരികമായി (മജാസി) ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘‘പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈന്തപ്പനകളും വിവിധതരം കനികളുള്ള കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിന്റെ ബാധ്യത കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യുകയും ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ട്‌പ്പെടുകയില്ല''(6:141).

സാക്ഷാല്‍ അന്നദാതാവും അന്നം നേടാന്‍ ആവശ്യമായ കഴിവും അറിവും സാധ്യതയും എല്ലാം നല്‍കിയവനും അല്ലാഹു മാത്രമാണ്. അല്‍മുഖീത്ത് എന്ന വിശേഷണത്തിന് അവന്‍ മാത്രമാണ് അര്‍ഹന്‍.
 

Feedback