ദുത്ത്വൗല്‍ എന്ന വിശേഷണപദത്തിന്റെ അര്‍ഥം വിശാലമായി ദാനം ചെയ്യുന്നവന്‍, അത്യുദാരന്‍, അനുഗ്രഹം ചൊരിയുന്നതില്‍ വിശാലതയുള്ളവന്‍ എന്നെല്ലാമാണ്. ഉദാരതയിലുള്ള വിശാലത അല്ലാഹുവിന്റെ പരിധിയില്ലാത്ത കഴിവിന്റെയും അനുഗ്രഹങ്ങളുടെയും തെളിവുകള്‍ കൂടിയാണ്. അതുകൊണ്ട് അവന്റ ഔദാര്യം ആര്‍ക്കും ആവശ്യമില്ലാതെ പോകുന്നില്ല. ആര്‍ക്കും അനുഗ്രഹം ചൊരിയുന്നതിലോ ആരോടും ഉദാരത പ്രകടിപ്പിക്കുന്നതിലോ അശക്തത അവനെ പിടികൂടുന്നുമില്ല. അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന അടിസ്ഥാന സന്ദേശം അംഗീകരിക്കാനും അല്ലാഹുവിനെ കൃത്യമായി മനസ്സിലാക്കാനും ഓരോ ദാസനും അല്ലാഹുവിന്റെ ഈ ഗുണവിശേഷണങ്ങളെക്കുറിച്ച് ആഴത്തില്‍ ആലോചന നടത്തേണ്ടതുണ്ട്.
അല്ലാഹുവിന്റെ ഉദാരതയിലുള്ള വിശാലതയെ കുറിക്കുന്ന വേറെയും നാമങ്ങള്‍ ഉപയോഗിക്കപ്പെടാറുണ്ട്. അല്‍ വഹ്ഹാബ്, അല്‍കരീം, ദുല്‍ ജലാലി വല്‍ ഇക്‌റാം, അല്‍ബര്‍റ് തുടങ്ങിയവയൊക്കെ അല്ലാഹുവിന്റെ വിശാലമായ ഔദാര്യത്തെ സൂചിപ്പിക്കുന്ന നാമങ്ങളാണ്. ദുത്ത്വൗല്‍ എന്ന നാമം പരിധി നിശ്ചയിക്കാനോ, പരിമിതപ്പെടുത്താനോ കഴിയാത്തവിധം സര്‍വ്വര്‍ക്കും ദാനം നല്‍കുന്നവന്‍ എന്ന അര്‍ഥത്തെ സൂചിപ്പിക്കുന്നു. അത് അല്ലാഹുവിന്റെ അനന്യമായ കഴിവിന്റെയും വിപുലമായ ശക്തിമഹാത്മ്യത്തിന്റെയും തെളിവ് കൂടിയാണ്. അല്ലാഹു പറയുന്നു: 'നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാകില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദി കെട്ടവനുമാകുന്നു'(14:34).