സര്‍വ വസ്തുക്കളെക്കുറിച്ചും സകല കാര്യങ്ങളും വ്യക്തമായും കൃത്യമായും അിറയുക, അവയെ ക്കുറിച്ച് അതിലപ്പുറം ഒരു വിവരവും അവശേഷിക്കാതിരിക്കുക. ഇതാണ് സമ്പൂര്‍ണമായ ജ്ഞാനം. ഈ രൂപത്തില്‍ സര്‍വകാര്യങ്ങളെക്കുറിച്ചും ജ്ഞാനമുള്ളവന്‍ അല്ലാഹു മാത്രമാണ്. അല്‍ അലീം എന്ന വിശേഷണ നാമം അല്ലാഹുവിന്റെ അതുല്യമായ ഈ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.
അല്‍ അലീം (സര്‍വജ്ഞന്‍) എന്ന അര്‍ഥത്തിലുള്ള ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ 157 സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്‍ ഹകീം എന്ന വിശേഷണനാമത്തോട് ചേര്‍ത്തിയും(2:32) അല്‍ ഖദീര്‍ എന്ന വിശേഷണനാമത്തോട് ചേര്‍ത്തിയും(30:54) അല്‍ അസീസ് എന്ന ഗുണനാമത്തോട് ചേര്‍ത്തിയും(6:96) അല്‍ അലീം എന്ന അല്ലാഹുവിന്റെ വിശേഷനാമം ഉപയോഗിച്ചിരിക്കുന്നു. അല്‍ അലീം എന്ന പ്രയോഗവും ഖുര്‍ആനില്‍ 13 തവണ വന്നിട്ടുണ്ട്. ദൃശ്യവും അദൃശ്യവും അറിയുന്നവന്‍ (ആലിമുല്‍ഗൈബി വ ശ്ശഹാദത്തി) എന്ന പ്രയോഗവും (6:73) അറിവിന്റെ പൂര്‍ണതയെയും വിശാലതയെയും സൂചിപ്പിക്കുന്ന അല്‍ അല്ലാം (നന്നായി അറിയുന്നവന്‍) എന്ന പ്രയോഗവും 4 സ്ഥലങ്ങളിലും വന്നിട്ടുണ്ട്. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍ (5:109).
സര്‍വജ്ഞാനിയായ അല്ലഹുവിന്റെ ജ്ഞാനവും ദാസന്റെ അറിവും തമ്മില്‍ 3 കാര്യങ്ങളില്‍ വ്യത്യാസപ്പെടുന്നു.
1) അറിവിന്റെ തോത് - അല്ലാഹു അറിയുന്ന കാര്യങ്ങള്‍ അനന്തം. അവന്റെ അടിമ അറിയുന്ന കാര്യങ്ങള്‍ വളരെ തുഛവും പരിമിതവുമാണ് അല്ലാഹുവിന്റെ ജ്ഞാനത്തിന് പരിധിയോ പരിമിതിയോ ഇല്ല.
2) അറിവ് ആര്‍ജിക്കുന്ന രീതി - പരിമിതമായ ജ്ഞാനം മനുഷ്യന് പരിമിതമായ അവന്റെ കഴിവ് ഉപയോഗപ്പെടുത്തി മാത്രമേ നേടാന്‍ കഴിയൂ. എന്നാല്‍ അല്ലാവിന്റെ കഴിവിന് പരിധിയോ പരിമിതിയോ ഇല്ലാത്തതിനാല്‍ അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നു.
3) അറിവിന്റെ സ്രോതസ്സ് - അല്ലാഹുവിന്റെ അറിവ് ഒരാളില്‍ നിന്നോ, ഒരു വസ്തുവില്‍ നിന്നോ നേടുന്നതായിരിക്കില്ല. അല്ലഹുവിന്റെ ജ്ഞാനത്തിന് ഒരു സ്രോതസ്സ് ആവശ്യമില്ല. സൃഷ്ടികള്‍ക്ക് അറിവ് ആര്‍ജിക്കുന്നതിന് സ്രോതസ്സിന്റെ ആവശ്യമുണ്ട്. ഒരു വസ്തു ഉണ്ടായതിന് ശേഷമേ മനുഷ്യന് അറിവ് ആര്‍ജിക്കാന്‍ സാധിക്കുകയുള്ളൂ.
അല്ലാഹുവിന്റെ ജ്ഞാനം ഭൂതഭാവിവര്‍ത്തമാനകാലങ്ങളില്‍ ഒരേ പോലെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ത്രികാലങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായ അറിവ് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അവന്റെ അറിവ് സമഗ്രവും സമ്പൂര്‍ണവുമാണ്. അല്ലാഹുവിന്റെ ജ്ഞാനവും കാരുണ്യവും സര്‍വ്വവസ്തുക്കളിലും വിശാലമായിരിക്കുന്നു അല്ലാഹു പറയുന്നു: ‘‘അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അവ അിറയിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരില പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല'(6:59).
അല്ലാഹുവിന്റെ ജ്ഞാനത്തില്‍ മറവിയോ, അശ്രദ്ധയോ, അജ്ഞതയോ കൂടിക്കലരില്ല. അത് കൊണ്ട് തന്നെ അവന്റെ ജ്ഞാനം സത്യസമ്പൂര്‍ണവും സര്‍വ്വകാല പ്രസക്തിയുള്ളതുമാണ്. ‘‘എന്റെ രക്ഷിതാവ് പിഴച്ചു പോവുകയില്ല, അവന്‍ മറന്നു പോവുകയുമില്ല''(20:52).
വിജ്ഞാനങ്ങള്‍ക്ക് ബഹുമുഖ തലങ്ങളുണ്ട്. 1)പ്രത്യക്ഷം 2)പരോക്ഷം 3)സൂക്ഷ്മം 4)സ്ഥൂലം 5)പൂര്‍ണം 6)ഭാഗികം 7)സൈദ്ധാന്തികം 8)പ്രായോഗികം എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ് അല്ലാഹുവിന്റെ ജ്ഞാനം സര്‍വതലസ്പര്‍ശിയായതും സര്‍വതിനേയും ഉള്‍ക്കൊള്ളുന്നതുമാണ്. അത്തരം ജ്ഞാനം അല്ലഹുവിന് മാത്രമേ അവകാശപ്പെടാന്‍ കഴിയുകയുള്ളു. അല്ലാഹു സര്‍വ്വജ്ഞന്‍(അല്‍ അലീം) എന്ന വിശേഷനാമത്തിന്റെ വിശാലാര്‍ഥം ഗ്രഹിക്കുമ്പോഴാണ് അവനെ ബോധ്യപ്പെട്ട ദൃഢവിശ്വാസികളാവാന്‍ സാധിക്കുന്നത്.