Skip to main content

അല്‍ വാരിഥ്

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സ്വത്തിന്റെ അവകാശം ഏതൊരാള്‍ക്കാണോ ലഭിക്കുന്നത് അവനാണ് അല്‍ വാരിഥ് (യഥാര്‍ഥ അനന്തരവകാശി). സൃഷ്ടികള്‍ നശിച്ചു കഴിഞ്ഞാല്‍ അല്ലാഹു മാത്രമാണ് അവശേഷിക്കുക. അല്ലാഹു പറയുന്നു: “തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവരുടെയും അനന്തരവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്” (19:40).

അല്ലാഹു പറയുന്നു, “തീര്‍ച്ചയായും നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. (എല്ലാറ്റിന്റെയും) അനന്തരാവകാശിയും നാം തന്നെയാണ്” (15:23).

ആകാശഭൂമികളുടെയും അതിലുള്ളതിന്റേയും യഥാര്‍ഥ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. മനുഷ്യനെ അല്ലാഹു ഭൂമിയില്‍ ഖലീഫ ആയിട്ടാണ് സൃഷ്ടിച്ചത്. ഭൂമിയിലുള്ള വസ്തുക്കളൊക്കെ അല്ലാഹു മനുഷ്യന് വേണ്ടി സൃഷ്ടിക്കുകയും, അവന് അധീനപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. സമ്പത്തിലും മറ്റുവിഭവങ്ങളിലുമൊക്കെ താത്ക്കാലിക ഉടമസ്ഥാവകാശം നല്‍കികൊണ്ട്, അവ കൈകാര്യം ചെയ്യാനുള്ള ചുമതല ഏല്‍പ്പിക്കപ്പെട്ടവന്‍ മാത്രമാണ് മനുഷ്യന്‍. യഥാര്‍ഥത്തില്‍, അതിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. അനന്തരാവകാശം എത്തിച്ചേരുന്നതും, എന്നെന്നും നിലനില്‍ക്കുന്ന ഒരിക്കലും മരിക്കാത്ത അല്ലാഹുവിലേക്ക് തന്നെയാണ്. അപ്പോള്‍ യഥാര്‍ഥത്തില്‍, അനന്തരമെടുക്കുന്നവന്‍ (അല്‍ വാരിഥ്) എന്ന വിശേഷണ നാമത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. ഭൂമിയിലെ മനുഷ്യന്റെ നശ്വരമായ ജീവിതകാലം വരെ അല്ലാഹു ചിലത് അവന് ഉടമപ്പെടുത്താനുള്ള താത്കാലിക അവകാശം നല്‍കുകയാണുണ്ടായതെന്നിരിക്കെ സമ്പത്തും മറ്റു വിഭവങ്ങളും യഥാര്‍ഥ അനന്തരാവകാശിയായ അല്ലാഹുവിന്റെ ഇച്ഛപ്രകാരം ചെലവഴിക്കേണ്ടത് അവന്റെ ബാധ്യതയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
'നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നുവോ അതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്' (57:7).

ഇതേ അധ്യായത്തില്‍ തന്നെ മറ്റൊരിടത്ത് (57:10) അല്ലാഹു ചോദിക്കുന്നു, “ആകാശങ്ങളുടെയുംം ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ, അല്ലാഹുവിന്റ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം?”

“ഭൂമുഖത്തുള്ള സര്‍വതും നാശമടയും. മഹത്വമേറിയവനും അത്യുദാരനുമായ നിന്റെ റബ്ബിന്റെ മുഖം മാത്രമാണ് അവശേഷിക്കുന്നത്.” (55:26,27) നശ്വര ജീവിതത്തില്‍ മനുഷ്യന്റെ ആയുഷ്‌കാലത്ത് അവന്‍ ഒട്ടനവധി വിഭവങ്ങളുടെ ഉടമസ്ഥാവകാശിയായി മാറുന്നു. മരണം എന്ന നിശ്ചയിക്കപ്പെട്ട അവധിയെത്തിയാല്‍ അതെല്ലാം ഈ ഭൂമിയിലെ അനന്തരാവകാശികള്‍ക്ക് വിട്ടേച്ചുകൊണ്ട് അവന്‍ പോകുന്നു. ഭൂമിയിലുള്ള സര്‍വ മനുഷ്യരുടെയും സ്ഥിതി ഇതാണെന്നിരിക്കെ ഭൂമിയില്‍ അക്രമം പ്രവര്‍ത്തിക്കാനോ അനന്തരം കിട്ടിയതിന്റെ പേരില്‍ അഹങ്കാരിയായി ജീവിക്കാനോ അവര്‍ക്കാര്‍ക്കും യാതൊരു അവകാശവുമില്ല. അല്ലാഹു കല്‍പ്പിച്ചതും തൃപ്തിപ്പെട്ടതുമായ കാര്യങ്ങളില്‍ ഭൂമിയില്‍ മനുഷ്യന് താത്കാലികമായി ഉടമപ്പെടുത്തപ്പെട്ട വിഭവങ്ങളെ, വിനിയോഗിക്കാന്‍ സാധിച്ചാല്‍ മാത്രമേ അവന് രക്ഷയുള്ളൂ. അല്ലാഹു പറയുന്നു: “സ്വന്തം ജീവിത സുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്ര രാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്ക് ശേഷം അപൂര്‍വമായല്ലാതെ അവിടെ ജനവാസം ഉണ്ടായിട്ടില്ല. നാം തന്നെയായി, (അവയുടെ) അവകാശി (28:58).

അല്‍ വാരിഥ് (യഥാര്‍ഥ അനന്തരാവകാശി) അല്ലാഹു ആണ്.
 

Feedback