അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിക്കുന്ന രണ്ടു വിശേഷണങ്ങളാണ് റഹ്മാന്‍, റഹീം എന്നിവ. റഹ്മാന്‍ എന്ന പദത്തിന് പരമകാരുണികന്‍ എന്നും റഹീം എന്ന പദത്തിന് കരുണാനിധി എന്നുമാണ് സാധാരണയായി മലയാളത്തില്‍ അര്‍ഥം പറയപ്പെടാറുള്ളത്. കാരുണ്യം എന്നത് അല്ലാഹുവിന്റെ സത്തയുടെ സവിശേഷതയാണ്. റഹ്മാന്‍ എന്ന പദവും അര്‍ഥമാക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് എല്ലാവര്‍ക്കും എല്ലാറ്റിനും നല്‍കിക്കൊണ്ടിരിക്കുന്നവന്‍ എന്നാണ്. പ്രപഞ്ച സൃഷ്ടിയില്‍ പ്രകടമാവുന്നത് 'റഹ്മാന്‍' എന്നനിലക്കുള്ള അല്ലാഹുവിന്റെ കാരുണ്യമാണെന്ന് പ്രാമാണികരായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പരലോകത്ത് വെച്ച് പ്രകടമാവുന്നത് അല്ലാഹുവിന്റെ ‘റഹീം' എന്ന നിലക്കുള്ള കാരുണ്യമാണ്. ചുരുക്കത്തില്‍ റഹ്മാന്‍, റഹീം എന്നീ വിശേഷണങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യം ഇഹലോകത്തും പരലോകത്തും ഒഴുകിക്കൊണ്ടിരിക്കുന്നതാണെന്ന് വ്യക്തമാകുന്നു. അല്ലാഹു തന്റെ കാരുണ്യത്തിന്റെ ഒരു ശതമാനം മാത്രമേ പ്രകടമാക്കിയിട്ടുള്ളുവെന്നാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുള്ളത്. ‘അല്ലാഹുവിന് നൂറ് കാരുണ്യമുണ്ട്, അതില്‍ ഒരൊറ്റകാരുണ്യം കൊണ്ടാണ് സൃഷ്ടികള്‍ പരസ്പരം കരുണയുള്ള വരായിത്തീരുന്നത്. ബാക്കിയുള്ളതത്രയും അന്ത്യനാളിലേക്ക് വേണ്ടിയുള്ളതാകുന്നു'.
വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്തൗബ ഒഴികെയുള്ള മുഴുവന്‍ അധ്യായങ്ങളുമാരംഭിക്കുന്നത് ‘റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്നു പറഞ്ഞുകൊണ്ടാണ്. ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കുന്ന ദൈവവിശേഷണങ്ങള്‍ റഹ്മാനും റഹീമുമായിരിക്കും. ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും മുസ്‌ലിം ഈ പ്രാരംഭവാക്യം ചൊല്ലേണ്ടതാണെന്ന് പ്രവാകന്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആനില്‍ ‘റഹ്മാന്‍' എന്ന് 56 തവണയും റഹീം എന്ന് 113 തവണയും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. 113 സൂക്തങ്ങളിലുള്ള പ്രാരംഭവാക്യത്തിലെ റഹ്മാനും റഹീമും കൂടാതെയാണിത്. കാരുണ്യവാന്മാരില്‍ ഏറ്റവുമധികം കരുണകാണിക്കുന്നവന്‍ എന്ന അര്‍ഥത്തിലുള്ള അര്‍ഹമുര്‍റാഹിമീന്‍ എന്ന് 4 തവണയും ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്.
അജ്ഞാന കാലത്തെ അറബികള്‍ അല്ലാഹുവെ മനസ്സിലാക്കിയിരുന്നത് അടിമകളോട് ഒട്ടും ദയാദാക്ഷിണ്യമോ കാരുണ്യമോ ഇല്ലാത്തവനായിട്ടായിരുന്നു. തങ്ങള്‍ ചെയ്ത പാപങ്ങളുടെ ആധിക്യം കാരണത്താല്‍ നേരിട്ട് അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ പോലും സാധ്യമല്ല എന്നും അവര്‍ വിശ്വസിച്ചു. അതിന് അവനിലേക്ക് അടുപ്പിക്കുന്ന ഇടയാളന്റെയോ ശുപാര്‍ശകന്റെയോ ആവശ്യമുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ ബഹുദൈവാരാധന നടത്തി. അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണെന്ന വിശ്വാസം ബഹുദൈവാരാധനയെ തകര്‍ക്കുമെന്ന് മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ് ഹുദൈബിയ സന്ധിയുടെ പ്രമാണങ്ങള്‍ തയ്യാറാക്കുമ്പോള്‍ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹി റഹ്മാനി റഹീം) എന്ന് എഴുതാന്‍ ഖുറൈശി പ്രതിനിധി വിസമ്മതിച്ചത്.
അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്തെല്ലാം ഖുര്‍ആന്‍ ഈ വിശേഷണങ്ങളും കൂടി ഉപയോഗിച്ചതായി കാണാന്‍ കഴിയും.
‘‘നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു, അവനല്ലാതെ യാതൊരു ആരാധ്യനുമില്ല, അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ’’(2:163).