അടഞ്ഞിരിക്കുന്ന സകലതും അല്ലാഹുവിന്റെ കാരുണ്യത്താല്‍ തുറക്കപ്പെടുന്നു. അവന്റെ മാര്‍ഗദര്‍ശനത്താല്‍ സര്‍വ വിധ വിഷമങ്ങളും നീങ്ങുന്നു. ചിലപ്പോള്‍ അവന്‍ തന്റെ പ്രവാചകന്മാര്‍ക്ക് സാമ്രാജ്യങ്ങള്‍ തുറന്നു കൊടുക്കുന്നു. വിജയം എന്ന അര്‍ത്ഥത്തില്‍ ഫത്താഹ് എന്ന പദപ്രയോഗം വിശുദ്ധഖുര്‍ആന്‍ നടത്തിയിട്ടുണ്ട്. മക്കാവിജയത്തിലേക്ക് വഴിതുറന്ന ഹുദയ്ബിയ സന്ധിയെക്കുറിച്ച് പാമശിച്ച വിശുദ്ധഖുര്‍ആനിലെ സൂക്തം ശ്രദ്ധിക്കുക. ‘‘നബിയേ നിശ്ചയമായും നാം നിനക്ക് പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്റെ പാപത്തില്‍ നിന്ന് മുന്‍കഴിഞ്ഞതും പിന്നീടുണ്ടാക്കുന്നതും അല്ലാഹു നിനക്ക് പൊറുത്ത് തരാന്‍ വേണ്ടിയും അവന്റെ അനുഗ്രഹം നിനക്കവന്‍ പരിപൂര്‍ണമാക്കുവാനും (നേരെ) ചൊവ്വായ മാര്‍ഗത്തില്‍ നിന്നെ നയിക്കുവാനും’’(48:1,2).
അല്ലാഹുവിന്റെ ഗുണനാമമായി അല്‍ഫത്താഹ്, ഖൈറുല്‍ ഫാതിഹീന്‍ എന്നിങ്ങനെ ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വളരെയേറെ തുറവി നല്‍കുന്നവന്‍, കാരുണ്യം ചൊരിഞ്ഞ് വിഷമങ്ങള്‍ നീക്കി വിജയത്തിന്റെ വഴിതുറന്ന് കൊടുക്കുന്നവന്‍ എന്ന് ഈ പ്രയോഗം കൊണ്ട് അര്‍ഥമാക്കപ്പെടുന്നു. ‘‘പറയുക നമ്മുടെ രക്ഷിതാവ് നമ്മെ തമ്മില്‍ ഒരുമിച്ച് കൂട്ടുകയും അനന്തരം നമുക്കിടയില്‍ അവന്‍ സത്യപ്രകാരം തീര്‍പ്പ് കല്പിക്കുകയും (തുറവിയുണ്ടാക്കുകയും) ചെയ്യുന്നതാണ്. അവന്‍ സര്‍വജ്ഞനായ തീര്‍പ്പുകാരനത്രെ (അല്‍ഫത്താഹ്)ആകുന്നു''(34:26).
‘‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീപ്പുണ്ടാക്കണമേ (തുറവിയുണ്ടാക്കേണമേ) നീയാണ് തീര്‍പ്പുണ്ടാക്കുന്നതില്‍ ഉത്തമന്‍''(7:89).
പ്രയാസങ്ങള്‍ നീങ്ങിക്കിട്ടുന്നതും ഉപജീവനം വിശാലമാകുന്നതും ദുഃഖങ്ങള്‍ ദുരീകരിച്ചു കിട്ടുന്നതും അല്ലാഹുവിന്റെ അതിയായകാരുണ്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഭവനങ്ങളാകുന്ന പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറന്ന് തരാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് സുന്നത്തായി റസൂല്‍(സ്വ) പഠിപ്പിച്ചു. ‘അല്ലാഹുവേ നീ നിന്റെ കാരുണ്യത്തിന്റെ വാതിലുകള്‍ എനിക്ക് തുറന്ന് തരണമേ' (മുസ്‌ലിം). അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നേടി പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ഥനയിലും ഇരു ലോകത്തെ നന്മയും അനുഗ്രഹവും അല്ലാഹുനോട് ചോദിക്കുകയാണ് ചെയ്യുന്നത്. 'അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍ നിന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു'.
മനുഷ്യന്‍ ദുര്‍മാര്‍ഗത്തില്‍ മുഴുകി ജീവിക്കാന്‍ നിമിത്തമാകുന്നത് യഥാര്‍ഥ ജ്ഞാനത്തിന്റെയും ഉള്‍കാഴ്ചയുടെയും അഭാവമാണ്. അവനിലുള്ള അജ്ഞതയുടെയും അസന്മാര്‍ഗികതയുടെയും പുതപ്പഴിച്ച് സന്മാര്‍ഗമാകുന്ന തിരിച്ചറിവിലേക്ക് തുറവിനല്‍കുന്ന യഥാര്‍ഥ വിജ്ഞാനം പകരുന്നവന്‍ അല്ലാഹു മാത്രമാണ്. ദിവ്യ വെളിപാടിന്റെ പ്രാരംഭ സൂക്തങ്ങള്‍ ഹിറാഗുഹയില്‍ അവതീര്‍ണമായപ്പോള്‍ നബി(സ്വ)യെ ക്ഷണിച്ചതും വിജ്ഞാനത്തിന്റെ തുറവിയിലേക്കായിരുന്നു(96:1-5). ആ അര്‍ഥത്തിലും അല്‍ഫത്താഹ് എന്ന വിശേഷണത്തിന് യോഗ്യന്‍ അല്ലാഹു മാത്രമാണ്. അല്ലാഹുവിനു മാത്രം ആരാധന നിര്‍വഹിച്ചും അവനില്‍ അടിയുറച്ച വിശ്വാസം കൊണ്ട് പ്രേരിതമായി സത്കര്‍മങ്ങള്‍ അനുഷ്ഠിച്ചും ജീവിക്കുന്ന സത്യവിശ്വസികള്‍ക്ക് ഈഭൂമിയില്‍ സ്വാധീനവും അധികാരവും നല്‍കും. വിവിധ നാട്ടുകാര്‍ ഇസ്‌ലാമിന്നധീനമായതും മുസ്‌ലിംകള്‍ക്ക് അവിടങ്ങളില്‍ വിജയക്കൊടി നാട്ടാന്‍ സാധിച്ചതും അല്ലാഹുവിന്റെ സഹായവും തുറവിയും കൊണ്ട് മാത്രമാണ്. അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള സഹായവും വിജയവും അവന്‍ സത്യവിശ്വാസികല്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ‘‘നിങ്ങളിഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവന്‍ നല്‍കുന്നതാണ്). അതേ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നമായ വിജയവും. (നബിയേ) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക”(61:13).
മനുഷ്യന്റെ ഇഹത്തിലും പരത്തിലുമുള്ള പ്രയാസങ്ങള്‍ കെട്ടഴിച്ച് അവന് തുറവിയും ആശ്വാസവും വിജയവും പ്രദാനം ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ് ആ അര്‍ഥത്തില്‍ അല്‍ ഫത്താഹ് (വളരെയേറെ തുറവി നല്‍കുന്നവന്‍) എന്ന നാമവിശേഷണത്തിന് അവന്‍ മാത്രമാണ് അര്‍ഹന്‍.