Skip to main content

അല്ലത്വീഫ്

നന്മകളുടെ അതിസൂക്ഷ്മവും അതിനിഗൂഢവുമായ അംശങ്ങള്‍ കണ്ടെത്തുകയും അവ അവയുടെ അവകാശികള്‍ക്ക് എത്തിച്ച് കൊടുക്കുന്നതില്‍ കനിവിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നവനാണ് അല്ലത്വീഫ്. സൂക്ഷ്മമായ അറിവും കനിവോടുകൂടിയ  പ്രവൃത്തിയും ഒത്തുകൂടിയ ഈ ഗുണം പൂര്‍ണരൂപത്തില്‍ ഉള്ളവന്‍ അല്ലാഹു മാത്രം. അല്ലത്വീഫ് എന്ന അല്ലാഹുവിന്റെ വിശേഷണനാമം വിശുദ്ധ ഖുര്‍ആനില്‍ ഏഴു തവണ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘‘അല്ലാഹു ആകാശത്തു നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (22:63).

‘‘അതില്‍ (അന്ത്യ സമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്റെ കാര്യത്തില്‍ ധൃതി കൂട്ടികൊണ്ടിരിന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി വിഹ്വലരാകുന്നു. അവര്‍ക്കറിയാം അത് സത്യമാണെന്ന്, ശ്രദ്ധിക്കുക തീര്‍ച്ചയായും അന്ത്യ സമയത്തിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു. അല്ലാഹു തന്റെ ദാസന്മാരോട് കനിവുള്ളവരാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം നല്‍കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍’’(42:18,19). സകല കാര്യങ്ങളെ സംബന്ധിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. പരസ്യം അറിയുന്നത് പോലെ രഹസ്യവും അവന്‍ അറിയുന്നു. ഓരോ കാര്യത്തിന്റെ ആത്യന്തികമായ ഗുണവും ദോഷവും അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അവന്റെ സൂക്ഷ്മജ്ഞാനം സൃഷ്ടികളോടെല്ലാം കനിവിന്റെയും അനുകമ്പയുടെയും വഴി സ്വീകരിക്കാന്‍ കാരണമാകുന്നു. 

മാതാവിന്റെ വയറ്റില്‍ മൂന്ന് അന്ധകാരങ്ങള്‍ക്കുള്ളില്‍ സംരക്ഷിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായത് ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തവന്‍ അല്ലാഹുവാണ്. കുഞ്ഞായി പിറന്ന ശേഷവും സൂക്ഷ്മജ്ഞാനിയായ അല്ലാഹു അവനോട് കാണിക്കുന്ന കനിവിന്റെയും കാരുണ്യത്തിന്റെയും ഭാഗമാണ് അനുഗ്രഹങ്ങളോരോന്നം അവന്‍ ആസ്വദിച്ചുകൊണ്ട് ജീവിക്കുന്നത്. മറ്റു ജീവജാലങ്ങളുടെയെല്ലാം വളര്‍ച്ചാഘട്ടങ്ങളിലും ജൈവികാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുന്ന ഘട്ടത്തിലും സൂക്ഷ്മജ്ഞാനിയായ അല്ലാഹു കനിവിന്റെയും ദയാവായ്പിന്റെയും മാര്‍ഗമാണ് സ്വീകരിക്കുന്നത്. ചിലത് നല്‍കിയും മറ്റു ചിലത് തടഞ്ഞും അടിമകളോട് അവന്‍ അനുകമ്പ കാണിക്കുന്നു. ഓരോന്നിന്റേയും ആത്യന്തികമായ ഗുണവും ദോഷവും അറിയുന്നവന്‍ അല്ലാഹു മാത്രമായതിനാല്‍ അവന്‍ നല്‍കിയതില്‍ അടിമകളോടുള്ള കനിവിന്റെ ഭാഗമായി അതിന്റെ നന്മയുണ്ടായിരിക്കും. അവന്‍ നല്‍കാതെ തടഞ്ഞ് വെച്ചതില്‍ തിന്മയുണ്ടായിരിക്കും. അതും സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിന് അവന്റെ അടിമകളോടുള്ള അനുകമ്പയുടെ ഭാഗമാണ്. 

അല്ലത്വീഫ് എന്ന ഗുണവിശേഷണത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനവും കനിവോട് കൂടിയ പ്രവൃത്തിയുമാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. സൂക്ഷ്മജ്ഞാനത്തിന്റെ ആശയത്തെ വിവിധസൂക്തങ്ങളില്‍ വന്ന അല്ലത്വീഫ് എന്ന വിശേഷണ നാമത്തിന്റെ പ്രയോഗ സന്ദര്‍ഭത്തില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയും. ആകാശ ഭൂമികളെ മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനായ അല്ലാഹുവിന് പങ്കുകാരാരുമില്ല. അവന് സന്താനങ്ങളോ സഹധര്‍മിണിയോ ഇല്ല. അങ്ങനെയുള്ള റബ്ബാണ് സ്രഷ്ടാവ്. അവനെ മാത്രം ആരാധിച്ച് ജീവിക്കണം, അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. തുടര്‍ന്ന് അവനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു. ‘കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല കണ്ണൂകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു'.

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒന്നും അജ്ഞാതമോ നിഗൂഢമോ അല്ല. എത്ര ചെറുതും നിസ്സാരവുമായ കാര്യങ്ങളേയും സൂക്ഷ്മമായി അവന്‍ അറിയുന്നു. ലുഖ്മാന്‍(അ) പ്രിയ പുത്രന് നല്‍കുന്ന സാരോപദേശങ്ങളില്‍ ഇങ്ങനെ വായിക്കാം: ‘എന്റെ കുഞ്ഞു മകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുകു മണിയോളം തൂക്കമുള്ളതായിരുന്നാലും അത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെത്തന്നെയായാലും അല്ലാഹു അത് കൊണ്ടൂവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'(31:16).

അകാശഭൂമികളിലുള്ള സര്‍വതിനേയും മനുഷ്യനു വേണ്ടി അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തതിലും ഈ പ്രാപഞ്ചിക വ്യവസ്ഥ താളഭംഗം സംഭവിക്കാതെ പരിപാലിച്ചു പോരുന്നതിലും രാത്രിയെ വിശ്രമവേളയും പകലിനെ ജീവസന്ധാരണത്തിന്റെ സമയവുമായി ക്ലിപ്തപ്പെടുത്തി സംവിധാനിച്ചതിന്റെയും എല്ലാം പിന്നില്‍ സര്‍വ ലോകരക്ഷിതാവായ അല്ലാഹുവിന്റെ സൂക്ഷ്മ ജ്ഞാനവും അനുകമ്പയും ദയാവായ്പും നിറഞ്ഞ പ്രവര്‍ത്തനവുമാണ്. അവന്‍ തൃപ്തിപ്പെട്ട ജീവിതത്തിന്റെ മാര്‍ഗ രേഖയായി വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ലളിതമായ രൂപത്തിലാക്കിയതും സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിന്റെ അടിമകളോടുള്ള കനിവിന്റെയും കാരുണ്യത്തിന്റെയും അടയാളമാണ്. നശ്വരജീവിതത്തില്‍ അടിമ അനുഭവിക്കേണ്ടി വരുന്ന ദുഖം, ക്ഷീണം, രോഗം മറ്റു പ്രയാസങ്ങളെല്ലാം അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് ക്ഷമിക്കുന്നവന്റെ പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള അവസരമായി അവന്‍ കണക്കാക്കും. കാലിന് മുള്ള് തറക്കുന്ന നിസ്സാരമായ വേദന പോലും അവന് ഗുണകരമാണ്. അല്‍ലത്വീഫ് (ഗൂഢ രഹസ്യമറിയുന്നവന്‍) എന്ന വിശേഷണനാമം ഈ അര്‍ഥങ്ങളിലെല്ലാം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്.

Feedback