അർറസ്സാഖ് എന്ന ഗുണനാമത്തിന്റെ അര്‍ഥം അന്നദാതാവ് എന്നാണ്, അല്ലാഹുവാണ് ജീവികളെ സൃഷ്ടിക്കുകയും അവയ്ക്ക് ജീവിതത്തിനാവശ്യമായ അന്നം നല്‍കുകയും അവ അനുഭവിക്കാനുള്ള അവയവങ്ങളും ഉപകരണങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്തവന്‍. രിസ്ഖ് (ഭക്ഷണം) രണ്ട് തരത്തിലുണ്ട്, 1).ബാഹ്യരിസ്ഖ്: ബാഹ്യവസ്തുക്കള്‍ക്ക് അഥവാ ശരീരങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം. 2).ഹൃദയങ്ങളുടെ ആഹാരമായ ആന്തരിക രിസ്ഖ്. അതായത് വിജ്ഞാനങ്ങളും വെളിപാടുകളും: ഈ ഭക്ഷണമാണ് ശ്രേഷ്ഠമായത്. പരലോകജീവിതത്തിലെ ശാശ്വതവിജയം നേടിയെടുക്കാനും സൗഭാഗ്യപൂര്‍ണമാക്കാനും ഈ ആന്തരിക രിസ്ഖിനെ സ്വാംശീകരിച്ച് കര്‍മപഥത്തില്‍ കൊണ്ടുവരിക അനിവാര്യമാണ്. ബാഹ്യാഹാരത്തിന്റെ ഗുണം താത്കാലികം മാത്രമാണ് രണ്ട് രിസ്ഖുകളും സൃഷ്ടിക്കുകയും അവ ലഭ്യമാക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. രിസ്ഖ് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് വിശാലപ്പെടുത്തിയും മറ്റു ചിലര്‍ക്ക് പരിമിതപ്പെടുത്തിയും നല്‍കുന്നു. അന്നദാതാവ് എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ അർറസാഖ്, അർറാസിഖ്, ഖൈറുർറാസിഖീന്‍ എന്നിവ അല്ലാഹുവിന്റെ ഗുണനാമങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഖൈറുര്‍റാസിഖീന്‍ (അന്നദാതാക്കളില്‍ ഉത്തമന്‍) എന്ന പ്രയോഗം വിശുദ്ധഖുര്‍ആനില്‍ 5 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട് മനുഷ്യന്‍ ഐഹിക ജീവിതത്തില്‍ പരസ്പരം ഭക്ഷണം നല്‍കുകയും ഭക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഭക്ഷണത്തെ സംവിധാനിച്ചവനും അത് അനുഭവിക്കാനുള്ള ‘വിഭവങ്ങളും കാരണങ്ങളും', വഴികളും ഒരുക്കിവെച്ചവനും അല്ലാഹു മാത്രമാണ്. അപ്പോള്‍ സാക്ഷാല്‍ അന്നദാതാവ് അല്ലെങ്കില്‍ അന്നദാതാക്കളില്‍ ഉത്തമന്‍ എന്ന വിശേഷണം അല്ലാഹുവിനു മാത്രമേ യോജിക്കുകയുള്ളൂ.
ലോകത്തുള്ള മുഴുവന്‍ സൃഷ്ടിജാലങ്ങള്‍ക്കും അന്നം നല്‍കുക എന്നത് അല്ലാഹു തന്റെ ബാധ്യതയായി ഏറ്റടുത്തിരിക്കുന്നു. വിശ്വാസി, അവിശ്വാസി എന്ന ഭേദമൊന്നുമില്ലാതെ മുഴുവന്‍ മനുഷ്യരും അല്ലാഹു നല്‍കുന്ന അന്നത്തിന്റെ മഹാ അനുഗ്രഹം അനുഭവിച്ചുകൊണ്ട് ജീവിക്കുന്നവരാണ്. അല്ലാഹു പറയുന്നു: ‘‘ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം, അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്''(11:6).
മനുഷ്യനില്‍ ആത്മീയമായ ഉണര്‍വും ഉയര്‍ച്ചയും ഉണ്ടാകുവാന്‍ പര്യാപ്തമാകുന്ന മാര്‍ഗദര്‍ശനത്തിന്റെ പോഷണം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. വിശ്വാസത്തിന്റെ കരുത്തില്‍ സൗഭാഗ്യപൂര്‍ണമായ ജീവിതം പ്രദാനം ചെയ്യാന്‍ അല്ലാഹു നല്‍കുന്ന മാര്‍ഗദര്‍ശനമാകുന്ന ആത്മീയപോഷണം ആര്‍ജിക്കുകയല്ലാതെ വഴിയില്ല. ‘‘നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?’’(35:3). മനുഷ്യന്റെ പ്രാഥമികാവശ്യമായ ഭക്ഷണവും വെള്ളവും അവന് നല്‍കി അനുഗ്രഹിച്ച അല്ലാഹുവിന്(അല്‍റാസിഖ്) അതിന്റെ പേരില്‍ നന്ദി പറയുന്നത് അവന്റെ തൃപ്തി നേടാന്‍ കാരണമായിത്തീരുമെന്ന് നബി(സ്വ) അരുളി. അനസ്ബ്‌നു മാലിക്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘നിശ്ചയം അല്ലാഹു ഒരു അടിമയെ തൃപ്തിപ്പെടുക തന്നെ ചെയ്യും. അവന്‍ ഭക്ഷണം കഴിക്കുന്നു, അതിന്റെ പേരില്‍ അവന്‍ അല്ലാഹുവെ സ്തുതിക്കുന്നു, അവന്‍ വെള്ളം കുടിക്കുന്നു. അതിന്റെ പേരില്‍ അവന്‍ അല്ലാഹുവെ സ്തുതിക്കുന്നു’ (മുസ്‌ലിം).