Skip to main content

അല്‍ മുഹയ്മിന്‍

കാത്തു സംരക്ഷിക്കുന്നവന്‍, മേല്‍നോട്ടം വഹിക്കുന്നവന്‍ എന്നീ അര്‍ഥങ്ങളാണ് വിശുദ്ധ ഖുര്‍ആനില്‍ മുഹയ്മിന്‍ എന്ന പദത്തിന് നല്‍കികാണുന്നത്. സൂറത്തുല്‍ ഹശ്‌റിലെ 23ാമത്തെ സൂക്തത്തില്‍ അല്ലാഹുവിന്റെ വിശേഷണ നാമങ്ങള്‍ എടുത്തു പറഞ്ഞിടത്ത് അല്‍ മുഹയ്മിന്‍ എന്ന പ്രയോഗമുണ്ട്. മേല്‍നോട്ടം വഹിക്കുന്നവന്‍ എന്ന അര്‍ഥമാണ് അവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

മേല്‍ നോട്ടം വഹിക്കാന്‍ കഴിയുന്നന്‍ മാത്രമേ സംരക്ഷകന്‍ ആകാന്‍ കഴിയുകയുള്ളൂ. അറിവ്, സമ്പൂര്‍ണമായ കഴിവ്, ബുദ്ധി ഇവ അല്ലാഹുവില്‍ മാത്രമേ ഒരുമിച്ചു കൂടിയിട്ടുള്ളൂ. പൂര്‍വ വേദങ്ങളിലും അല്‍ മുഹയ്മിന്‍ അല്ലാഹുവിന്റെ ഒരു വിശേഷണമായി എടുത്തു പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: നബിയേ, നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തു രക്ഷിക്കുന്നതുമത്രെ (മുഹയ്മിനന്‍ അലയ്ഹി) അത്. ഉപരിസൂചിത സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ വശേഷണമായിട്ടാണ് കാത്തുസൂക്ഷിക്കുന്നത് എന്ന അര്‍ഥത്തില്‍ മുഹയ്മിന്‍ പ്രയോഗിച്ചിട്ടുള്ളത്. പൂര്‍വവേദഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന വേദഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. അതിന്റെ അടിസ്ഥാനത്തില്‍ അല്‍ മുഹയ്മിന്‍ എന്ന പദത്തിന് ഇബ്‌നു അബ്ബാസ്(റ) കാത്തുസംരക്ഷിക്കുന്നത് എന്ന അര്‍ഥം നല്‍കിക്കാണുന്നുണ്ട്. അല്ലാഹുവിന്റെ ജ്ഞാനമോ നിരീക്ഷണമോ സംരക്ഷണമോ ചെന്നെത്താത്ത യാതൊന്നും അവന്റെ സൃഷ്ടികളുടെ കൂട്ടത്തില്‍ ഇല്ല. ഈ പറയപ്പെട്ട കാര്യങ്ങളെല്ലാം അവന്റെ സൃഷ്ടികള്‍ക്കുമുണ്ടെങ്കിലും അല്ലാഹുവിന്റെ വിശേഷണം സമ്പൂര്‍ണവും യാതൊന്നിനോടും സാമ്യപ്പെടുത്താന്‍ സാധിക്കാത്തതുമാണ്. അല്‍ മുഹയ്മിന്‍ (സമ്പൂര്‍ണമായ മേല്‍നോട്ടവും സംരക്ഷണവും നല്‍കാന്‍ കഴിയുന്നവന്‍) അല്ലാഹു മാത്രമാണ്.

Feedback