അല്ലാഹു പ്രപഞ്ചത്തെയും അതിലുള്ള എല്ലാറ്റിനെയും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മയക്കമോ ഉറക്കമോ അശ്രദ്ധയോ അലസതയോ പിടിപെടാത്തവനാണ് അല്ലാഹു. ഇത്തരം ഗുണങ്ങളുള്ളത് കൊണ്ടാണ് അവനെ അല്‍ റഖീബ് എന്ന് പറയുന്നത്. അല്‍ റഖീബ് എന്ന പദപ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനെക്കുറിച്ച് ഈസാ(അ) പറഞ്ഞ വാക്കുകളായി നമുക്ക് വായിക്കാന്‍ സാധിക്കും.
"നീ എന്നോട് കല്പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം, മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു, പിന്നീട് നീ എന്നെ പൂര്‍ണമായിഎടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു" (5:117).
റഖീബ് എന്ന പദപ്രയോഗത്തിലൂടെ താഴെ പറയുന്ന സൂക്തങ്ങളില്‍ അല്ലാഹു ഈ ഗുണവിശേഷണം എടുത്തു പറഞ്ഞിട്ടുണ്ട്: "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരുക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു" (4:1).
"ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെവിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കാനും (അനുവാദമില്ല) അവരുടെ സൗന്ദര്യം നിനക്ക് കൗതുകം തോന്നിച്ചാലും ശരി. നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു." (33:52).
ഭൗതികലോകത്ത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ അതിനൂതന സൗകര്യങ്ങള്‍ സാധാരണ ജീവിതത്തില്‍ പോലും പ്രാപ്യമായ ചുറ്റുപാടില്‍ നിരീക്ഷണം എന്ന് പറയുന്നത് എളുപ്പം ഗ്രാഹ്യമായ ഒന്നാണ്. സ്ഥലകാല പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന്‌കൊണ്ട്തന്നെ ആധുനിക മനുഷ്യന്‍ നിരീക്ഷണങ്ങള്‍ നടത്തി പലതും കണ്ടെത്തുന്നു. സര്‍വശക്തനായ അല്ലാഹുവിന്റെ കഴിവ് സ്ഥലകാല പരിമിതികള്‍ക്ക് അതീതവും നമ്മുടെ സങ്കല്‍പ്പത്തിനെല്ലാം ഉപരിയായി നിലകൊള്ളുന്നതും ആയതിനാല്‍ സദാ നിരീക്ഷകന്‍ അഥവാ റഖീബ് ആണെന്ന് പറയുന്നതില്‍ ഒട്ടും ശങ്കക്ക് വകയില്ല. അല്ലാഹു സര്‍വതും സദാ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്ന കാര്യം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രം അല്ലാഹുവില്‍ യഥാവിധി വിശ്വസിക്കാനും കര്‍മങ്ങളെ നന്നാക്കിയെടുക്കാനും സാധിക്കുക്കയുള്ളൂ. അല്ലാഹുവിന്റെ ഈ അനന്യ ഗുണത്തെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവന് ഭയഭക്തിയും സൂക്ഷ്മതയും നിലനിര്‍ത്താന്‍ കഴിയും.