അല്ലാഹു സര്‍വ്വ സൃഷ്ടികള്‍ക്കും തങ്ങളുടെ ജൈവിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആവശ്യമായ മാര്‍ഗദര്‍ശനം നല്‍കുന്നു. പിറന്നുവീഴുന്ന ശിശുവിന് തള്ളയുടെ പാല്‍ ചപ്പിക്കുടിക്കുന്നതിന്, മുട്ടയില്‍ നിന്ന് പുറത്ത് വരുന്ന പക്ഷിക്കുഞ്ഞിന് ധാന്യമണികള്‍ കൊത്തിപ്പെറുക്കി തിന്നുന്നതിന്, തേനീച്ചക്ക് അതിന്റെ വീട് ഷഡ്‌കോണാകൃതിയില്‍ നിര്‍മിക്കുന്നതിന് തുടങ്ങി എല്ലാ സൃഷ്ടികള്‍ക്കും ആവശ്യമായ എല്ലാ മാര്‍ഗദര്‍ശനവും അല്ലാഹു നല്‍കുന്നു.
അല്ലാഹു പറയുന്നു: “എല്ലാ വസ്തുക്കള്‍ക്കും അതതിന് അനുയോജ്യമായ ആകൃതിയും പ്രകൃതിയും നല്‍കുകയും അനന്തരം (അവയ്ക്ക്) അനുയോജ്യമായ ജീവിതമാര്‍ഗം ചൂണ്ടിക്കാട്ടി ക്കൊടുക്കുകയും ചെയ്്തവനാണ് അല്ലാഹു” (20:50).
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ബുദ്ധിശേഷികൊണ്ട് അനുഗ്രഹിക്കപ്പെട്ട മനുഷ്യനെ സംബന്ധിച്ചിടത്തോളം നന്മ തിന്മകളെ സംബന്ധിച്ചും ധര്‍മ അധര്‍മങ്ങളെക്കുറിച്ചും ആത്യന്തികമായി ഗുണകരമാകുന്നതും ദോഷകരമാകുന്നതും ഏതാണെന്ന് പഠിപ്പിച്ചുതരാനും വഴികാണിച്ചു തരാനും അര്‍ഹന്‍ അല്ലാഹു മാത്രമാണ്. മാര്‍ഗദര്‍ശനം (ഹിദായത്ത്) നല്‍കുന്നവനായ അല്ലാഹു, ശാശ്വത വിജയത്തിന്റെയും രക്ഷയുടെയും വഴി നമുക്ക് കാണിച്ചുതരുന്നു. അവന്നു മാത്രമേ അപ്രകാരം മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിക്കുകയുള്ളൂ. 'അപ്രകാരം തന്നെ ഓരോ പ്രവാചകനും കുറ്റവാളികളില്‍ പെട്ട ചില ശത്രുക്കളെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്റെ രക്ഷിതാവ് തന്നെ മതി'. (25:31) 'വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന് കീഴ്‌പ്പെടുവാനുമാണ് (ഇത് ഇടയാക്കുക). തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു (22:54).
സര്‍വ സൃഷ്ടികളെ സംബന്ധിച്ചിടത്തോളവും അവയുടെ ജൈവികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായിട്ടുള്ളത് അല്ലാഹു നല്‍കുന്ന പ്രകൃതിപരമായ മാര്‍ഗദര്‍ശനമാണ്.
മാര്‍ഗദര്‍ശനത്തിന്റെ മുഖ്യമായിട്ടുള്ള ഭാഗമാണ് അല്ലാഹു അവന്റെ പ്രവാചകന്‍മാരുടെ നിയോഗത്തിലൂടെയും വേദഗ്രന്ഥങ്ങളുടെ അവതരണത്തിലൂടെയും മാനവരാശിക്ക് നല്‍കുന്ന മാര്‍ഗദര്‍ശനം. ദൈവപ്രോക്ത സന്ദേശങ്ങളുടെ സ്വാധീനം മനുഷ്യ മനസ്സുകളില്‍ ഉണ്ടാകുമ്പോള്‍ അതുവഴി അല്ലാഹു കാണിച്ചുതന്നിട്ടുള്ള ഋജുപാതയിലൂടെ ജീവിക്കാനുള്ള ബോധമാണ് ഉണ്ടായിത്തീരുന്നത്. അല്ലാഹുവിലുള്ള ദൃഢവിശ്വാസവും സത്കര്‍മങ്ങളും നേരായ മാര്‍ഗത്തിലൂടെ ജീവിക്കാനുള്ള വഴി മനുഷ്യന് സുഗമമാക്കിക്കൊടുക്കുന്നു. സത്യവിശ്വാസത്തില്‍ ഊന്നി സത്ക്കര്‍മങ്ങളെക്കൊണ്ട് ത്യാഗജീവിതത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ വഴികള്‍ അല്ലാഹു തുറന്നുകൊടുക്കും. അല്ലാഹു പറയുന്നു: “തീര്‍ച്ചയായും വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ വിശ്വാസത്തിന്റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍; അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും (10:9).
നമ്മുടെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെട്ടവരാരോ അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു (29:69).