Skip to main content

അല്‍ ജാമിഅ്

ഭൂമുഖത്ത് അല്ലാഹു സൃഷ്ടിച്ചുവെച്ചതില്‍ അദൃശ്യമായതും വൈവിധ്യങ്ങള്‍ നിറഞ്ഞതും വൈരുധ്യങ്ങള്‍ കലര്‍ന്നതും ഉണ്ട്. ഒരേ ജീവി വര്‍ഗത്തില്‍പെട്ടതൊക്കെ ജൈവിക പ്രകൃതികൊണ്ട് സദൃശമായതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതിന് ഉദാഹരണങ്ങളാണ് ആകാശങ്ങള്‍, നക്ഷത്രങ്ങള്‍, വായു, ഭൂമി, സമുദ്രങ്ങള്‍ എന്നിവ. ചൂട്, തണുപ്പ്, ഈര്‍പ്പം, ശുഷ്‌കത എന്നിവയാണ് ജന്തു ശരീരത്തില്‍ പ്രകടമാകുന്നതെങ്കില്‍ അത് വിരുദ്ധമായതാണ്. പുനരുത്ഥാനനാളില്‍ അല്ലാഹു എല്ലാവരെയും സമ്മേളിപ്പിക്കുന്നു. അങ്ങനെ ഒരുമിച്ചുകൂട്ടാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അത്‌കൊണ്ടത്രെ 'അല്‍ ജാമിഅ്' (ഒരുമിച്ചുകൂട്ടുന്നവന്‍) എന്ന വിശേഷണനാമം അല്ലാഹുവിന് യോഗ്യമാകുന്നത്. അല്ലാഹു ജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനെപ്പറ്റി ഇപ്രകാരം പറയുന്നു:

ഞങ്ങളുടെ നാഥാ തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ച് കൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല (3:9).

 

അല്ലാഹു വീണ്ടും ചോദിക്കുന്നു: 'എന്നാല്‍ യാതൊരു സംശയത്തിനും ഇടയില്ലാത്ത ഒരു ദിവസത്തിനായി നാമവരെ ഒരുമിച്ചുകൂട്ടിയാല്‍ അവരുട െസ്ഥിതി എങ്ങനെയായിരിക്കും? അന്ന് ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിന്റെ ഫലം പൂര്‍ണമായി കൊടുക്കപ്പെടുന്നതാണ്. ഒരനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല'(3:25).

സംശയമില്ലാത്ത ഒരു ദിനത്തില്‍ (പുനരുത്ഥാന നാളില്‍) ഇങ്ങനെ എല്ലാവരെയും ഒരുമിച്ചുകൂട്ടാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ തന്നെ അല്‍ ജാമിഅ് (ഒരുമിച്ചു കൂട്ടാന്‍ കഴിയുന്നവന്‍) എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.

Feedback