Skip to main content

അന്നസ്വീര്‍, അന്നാസ്വിര്‍

അന്നസ്വീര്‍, അന്നാസ്വിര്‍, (സഹായി) ഖൈറുന്നാസ്വിരീന്‍ (ഉത്തമ സഹായി) എന്നീ വിശേഷണങ്ങള്‍ അല്ലാഹുവിന്റെ ഗുണനാമങ്ങളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. “അപ്രകാരം തന്നെ, ഓരോ പ്രവാചകനും കുറ്റവാളികളില്‍പ്പെട്ട ചില ശത്രുക്കളെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്റെ രക്ഷിതാവ് തന്നെ മതി” (25:31). അല്ലാഹുവെ മുറുകെപ്പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി, എത്ര നല്ല സഹായി! (22:78).

ഈ പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികള്‍ക്കും അല്ലാഹുവിന്റെ സഹായവും ആശ്രയവും കൂടിയേതീരൂ. ഐഹിക ജീവിതത്തില്‍ മനുഷ്യരും ജീവികളുമൊക്കെ പരസ്പരം സഹായികളായി ജീവിക്കുന്നവരാണ്. പരസ്പരാശ്രയത്വവും പരസ്പര സഹായ സഹകരണവും ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അനിവാര്യവുമാണ്. എന്നാല്‍ സകല സൃഷ്ടികളും ഒരേപോലെ സദാആശ്രയിക്കുന്നതും സഹായം തേടുന്നതും അവരുടെയെല്ലാം കഴിവിനും സാധ്യതകള്‍ക്കും ഉപരിയായ കഴിവിനുടമസ്ഥനായ പരമോന്നതനായ സ്രഷ്ടാവിനോട് മാത്രമാണ്. അവനാകട്ടെ ആരുടെയും സഹായമോ ആശ്രയമോ അവശ്യമില്ല. അപ്പോള്‍ യഥാര്‍ഥ സഹായവും ആശ്രയവും അല്ലാഹുവില്‍ നിന്ന് മാത്രമാണ്. അതുകൊണ്ടാണ് ഖുര്‍ആനില്‍ അല്ലാഹുവിനെ ഉദ്ദേശിച്ച് സഹായികളില്‍ ഉത്തമന്‍ (ഖൈറുന്നാസ്വിരീന്‍) എന്ന പ്രയോഗം നടത്തിയത്. 'അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി, അവനാകുന്നു സഹായികളില്‍ ഉത്തമന്‍' (3:150).

സഹായം എന്ന പദത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിക്കൊണ്ട് പറയുകയും അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹരാകുന്ന വിഭാഗം ആരാണെന്ന് വ്യക്തമാക്കിത്തരികയും ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ താഴെ പറയുന്നു.
'സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെ സാഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതാണ്' (47:7). ഇവിടെ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ സേവനം ചെയ്തും ത്യാഗം ചെയ്തും കൊണ്ടുള്ള സഹായമാണ്. 

“തീര്‍ച്ചയായും നാം നമ്മുടെ ദൂതന്മാരെയും വിശ്വസിച്ചവരെയും ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്ത് വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും” (40:51).

യഥാര്‍ഥ സഹായം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹുവിന് മാത്രം സര്‍വ്വവിധ അധികാരങ്ങളും നിലനില്‍ക്കുന്ന പാരത്രിക ജീവിതത്തില്‍ ഏതൊരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി യാതൊരു സഹായവും ചെയ്തുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍, അല്ലാഹുവിന് വഴിപ്പെട്ട ജീവിതത്തിലൂടെ അവന്റെ തൃപ്തി ലഭിച്ച അടിമകള്‍ക്ക് മാത്രമാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുന്നത്. അല്ലാഹു പറയുന്നു: 'അന്നേ ദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ സഹായം കൊണ്ട് സന്തുഷ്ടരാകുന്നതാണ്. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും'(30:4,5).
 

Feedback