Skip to main content

അല്‍കബീര്‍, അല്‍മുതകബ്ബിര്‍

മഹത്വവും ഔന്നത്യവും തനിക്ക് മാത്രമാണെന്നും തന്റെ മുമ്പില്‍ മറ്റെല്ലാം നിസ്സാരമാണെന്നും കരുതുന്നവന്‍. ഇങ്ങനെ ന്യായമായും അഹങ്കരിക്കാന്‍ അര്‍ഹതയുള്ളവന്‍ അല്ലാഹു മാത്രമാണ് അല്‍ മുതകബ്ബിര്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അവന്‍ മഹത്വവും ഔന്നത്യവും ഉള്ളവനാണ്. ഒന്നിനോടും സാമ്യപ്പെടുത്താന്‍ മരിക്കലും സാധ്യമല്ല. അല്ലാഹുവിന്റെ അല്‍ മുതകബ്ബിര്‍ എന്ന  വിശേഷണനാമം ഹശ്ര്‍ സൂറത്തിലെ 23ാമത്തെ സുക്തത്തില്‍ വന്നിട്ടുണ്ട്. ഖുദുസിയായിവന്ന ഒരു ഹദീസില്‍ ഈ വിഷയകമായിട്ടുള്ള ഒരു പരാമര്‍ശമുണ്ട്. അല്ലാഹു പറയുന്നു: ‘‘അഹങ്കാരം എന്റെ തട്ടമാണ്, മഹത്വം എന്റെ ഉടുതുണിയാണ്. അതിലൊന്നിന്റെ പേരില്‍ എന്നോട് ആരെങ്കിലും മത്സരിച്ചാല്‍ ഞാന്‍ അവരെ നരകത്തില്‍ എറിയും''(അഹ്മദ്, ബുഖാരി).

നബി(സ്വ) ഒരിക്കല്‍ മിമ്പറില്‍ വെച്ച് സൂറത്തു സുമറിലെ 67ാമത്തെ സൂക്തം പാരായണം ചെയ്തു. ‘‘അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരുപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതു കൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനത്രെ പരിശുദ്ധന്‍. അവര്‍ പങ്കു ചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു’’(39:67). എന്നിട്ട് പ്രവാചകന്‍(സ്വ) പറഞ്ഞു: ‘അല്ലാഹു പറയുന്നു ഞാനാണ് അടക്കിഭരിക്കുന്നവന്‍, ഞാന്‍ അഹങ്കരിക്കാന്‍ അര്‍ഹതയുള്ളവന്‍, ഞാനാണ് രാജാവ്, ഞാനാണ് മഹോന്നതന്‍ അവന്‍ സ്വയം മഹത്വപ്പെടുത്തുന്നു'. മിമ്പര്‍ വിറക്കുന്നത് വരെ നബി(സ്വ) അത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നബി(സ്വ) മിമ്പറില്‍ നിന്ന് വീണു പോകുമോ എന്ന് ഞങ്ങള്‍ വിചാരിച്ചുപോയി(അഹ്മദ്, നസാഇാ).

മഹത്വമേറിയവന്‍ എന്ന അര്‍ഥമുള്ള അല്‍കബീര്‍ ഏന്ന ഗുണവിശേഷണം ആറ് സ്ഥലങ്ങളിലായി ഖുര്‍ആനില്‍ പ്രയോഗിച്ചുണ്ട് അല്ലാഹു പറയുന്നു: ‘‘ആകാശഭൂമികളില്‍ അവനു തന്നെയാകുന്ന മഹത്വം. അവന്‍ തന്നെയാകുന്നു പ്രതാപിയും യുകതിമാനും’’(45:37). ആകാശഭൂമികളിലുള്ള സര്‍വ്വതിനേക്കാളും മഹത്വവും ഔന്നത്യവും ഏറിയവനാണ് അല്ലാഹു. അവന്റെ മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും മുമ്പില്‍ മറ്റെല്ലാം നിസ്സാരവും ചെറുതുമാണ്. ‘അല്ലാഹു അക്ബര്‍' (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഓരോ മുസ്‌ലിമും നിര്‍ബന്ധമായും അനേകം തവണ ഉരുവിടുന്ന മന്ത്രധ്വനി, അല്ലാഹുവിന്റെ തുല്യപ്പെടുത്താനാവാത്ത മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും പ്രഖ്യാപനമാണ്.

Feedback