Skip to main content

അത്തവ്വാബ്

അല്ലാഹു ആദരിച്ചിരിക്കുന്ന സൃഷ്ടിയാണ് മനുഷ്യന്‍. ബുദ്ധിയും വിവേചന ശേഷിയും ആവിഷ്‌കാര മികവുമെല്ലാം ഇതര സൃഷ്ടികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നു. അതോടൊപ്പം മനുഷ്യനല്ലാത്ത സൃഷ്ടികള്‍ക്കൊക്കെ മനുഷ്യനില്ലാത്ത പല സിദ്ധികളും മികവുകളുമുണ്ട്. ഘ്രാണശേഷിയും കേള്‍വിശക്തിയും മൂര്‍ച്ചയേറിയ കാഴ്ച്ചശേഷിയും മനുഷ്യനെ തോല്‍പ്പിക്കും വിധം പല ജന്തുക്കള്‍ക്കുമുണ്ട്. പക്ഷേ മനഷ്യന്റെ വിശേഷ ബുദ്ധിയും ചിന്താ ശേഷിയുമാണ് അവനെ ഉത്കൃഷ്ടനാക്കുന്നത്. എന്നാല്‍ മനുഷ്യനുള്ള ദൗര്‍ബല്യങ്ങളും അശക്തിയും ചിലപ്പോള്‍ അവന്റെ ജീവിതത്തില്‍ പരാജയത്തിന് കാരണമാകും. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് അറിയുന്ന അവന്റെ സ്രഷ്ടാവ് തന്നെ അത് മറികടക്കാനുള്ള വഴികളും പറഞ്ഞുകൊടുത്തിട്ടുണ്ട്. തിന്മകളിലേക്ക് ചായുന്ന മനസ്സും, പാപങ്ങളില്‍ മുഴുകി ജീവിക്കാനുള്ള സഹജമായ താത്പര്യവും മനുഷ്യനുണ്ട്. അന്ധത മൂലമോ അജ്ഞതയാലോ പാപങ്ങള്‍ ചെയ്തുകൂട്ടിയവര്‍ക്കുപോലും വിശ്വാസത്തിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കിയവനാണ് അല്ലാഹു. പശ്ചാത്താപം സ്വീകരിക്കുന്നവനാണ് അല്ലാഹുവെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നതിലൂടെ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ അനന്യമായ ദയാവായ്പിന്റെയും അനുകമ്പയുടെയും ഔദാര്യത്തിന്റയും വഴിയാണ് നമ്മെ അത് ബോധ്യപ്പെടുത്തുന്നത്. പശ്ചാത്താപം സ്വീകരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അത്തവ്വാബ് എന്ന ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ പതിനൊന്ന് തവണ വന്നിട്ടുണ്ട്. ഇബ്രാഹിം നബിയും(അ) മകന്‍ ഇസ്മാഈല്‍ നബി(അ)യും നടത്തിയ പ്രാര്‍ഥനയില്‍ ഈയൊരു നാമത്തെ എടുത്തുപറഞ്ഞിട്ടുണ്ട്. 

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ കര്‍മ്മങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (2:128).

അത്തവ്വാബ് എന്ന, അല്ലാഹുവിന്റെ ഗുണനാമത്തില്‍ അടങ്ങിയിരിക്കുന്നത് താഴെപറയുന്ന കാര്യങ്ങളാണ്. 
1. അല്ലാഹുവിന്റെ ഔദാര്യം: മനുഷ്യന്‍ ചെയ്ത അപരാധങ്ങള്‍ മാപ്പാക്കി വിശുദ്ധമായ ജീവിത വഴിയിലേക്ക് അവനെ തിരിച്ചുനടത്താന്‍ ദയാനിധിയായ അല്ലാഹു അത്യധികം ആഗ്രഹിക്കുന്നതുകൊണ്ടാണ് പശ്ചാതാപത്തിനുള്ള അവസരം നല്‍കിയത്. ഇത് അല്ലാഹുവിന്റെ ഔദാര്യം എന്ന സദ്ഗുണത്തെക്കൂടി അറിയിക്കുന്നു. 
2. അല്ലാഹുവിന്റെ രക്ഷ: തെറ്റുകളില്‍ മുഴുകി ജീവിക്കുന്നവന് അതില്‍ ഉറച്ചു നില്‍ക്കാതെ അത് ആവര്‍ത്തിക്കുകയില്ലെന്ന ശപഥത്തോടെ മാറ്റത്തെക്കുറിച്ചുള്ള പ്രതിജ്ഞയോടുകൂടി തൗബക്ക് ഒരുങ്ങുമ്പോള്‍ അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടാകുന്നു. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനാണെന്ന് പറയുന്നതിലൂടെ അവന്‍ പാപിക്ക് പ്രതീക്ഷ നല്‍കി അവനെ രക്ഷിക്കുന്നു. 
3. അല്ലാഹുവിന്റെ സഹായം: അടിമകളോട് ചെയ്ത തെറ്റിന് അടിമകള്‍ തന്നെ മാപ്പാക്കിക്കൊടുക്കുന്നില്ലെങ്കില്‍ അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. അല്ലാഹുവോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിച്ച് അടിമകളോട് ഏതെങ്കിലും ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച്ച പറ്റിയാല്‍ പശ്ചാത്താപത്തിന്റെ മുന്നോടിയായി ആ അടിമകളില്‍ നിന്ന് മാപ്പ് വാങ്ങിയാല്‍ അല്ലാഹു അത് പൊറുക്കും. പശ്ചാത്താപത്തിന് അവസരം നല്‍കുന്നതിലൂടെ ഒരു മനുഷ്യന്‍ മറ്റുമനുഷ്യരോട്് കാണിച്ച തെറ്റില്‍ നിന്ന് മോചിതനാകാനുള്ള സഹായമാണ് അല്ലാഹു നല്‍കുന്നത്. 
ആത്മശുദ്ധീകരണത്തിന് തൗബക്ക് വഴിയൊരുക്കുന്നതിലും അല്ലാഹു അവന്റെ അടിമകളോട് തെളിമയാര്‍ന്നതും കളങ്കമില്ലാത്തതുമായ മനസ്സ് കാത്തുസൂക്ഷിക്കാന്‍ കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇതും അവരുടെ ഇഹപര ജീവിത വിജയത്തിന് അവനെ പാകപ്പെടുത്താനുള്ള മാര്‍ഗം കൂടിയാണ്. 

അത്തവ്വാബ് എന്ന വിശേഷണം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ എന്ന അര്‍ഥത്തിലും മനുഷ്യരിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ പശ്ചാത്തപിച്ചു മടങ്ങുന്നവന്‍ എന്ന അര്‍ഥത്തിലുമാണ് പരിഗണിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ഈ രണ്ട് പ്രയോഗവും ഉണ്ട്.
 

Feedback