സകലകാര്യങ്ങളുടെയും നിയന്താവും സര്‍വ്വജ്ഞനുമായിട്ടുള്ള അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് ഈ മഹാ പ്രപഞ്ചത്തിലുള്ള സര്‍വ്വതും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടിമകളുടെ കൂട്ടത്തില്‍ അല്ലാഹുവോട് അടുപ്പമുള്ളവരും അകന്ന് നില്‍ക്കുന്നവരുമുണ്ട്. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുള്ള ജീവിതത്തിലൂടെ ദൈവസാമീപ്യം സിദ്ധിച്ചവരും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം ലഭിക്കാതെ ബഹുദൂരം വഴിപിഴവിലായിപ്പോയവരുമുണ്ട്. പദവിയില്‍ ഉയര്‍ച്ച നല്‍കിയവരെ അല്ലാഹു മുന്നിലാക്കിയിരിക്കുന്നു. അല്ലാഹുവിന് അതൃപ്തികരമായ ജീവിതം കാഴ്ച്ചവെച്ചതിലൂടെ ദുര്‍മാര്‍ഗത്തിലായവരെ അല്ലാഹു പിന്നിലാക്കിയിരിക്കുന്നു. പദവികളിലെ ഉയര്‍ച്ചതാഴ്ച്ചകളും പ്രവര്‍ത്തനങ്ങളിലെ ഭിന്നതയും ജീവിതത്തിലെ വിത്യസ്ത അവസ്ഥകളും ഒക്കെ സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ നിശ്ചയത്തിനനുസരിച്ചാണ് സംഭവിക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതില്‍ പങ്കുണ്ടെങ്കിലും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സര്‍വ്വതിനെക്കുറിച്ചും കൃത്യവും സൂക്ഷ്മവുമായി അറിവുള്ളവന്‍ എന്ന വിശേഷഗുണമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അല്ലാഹു കാര്യങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. അവന്റെ ജ്ഞാനത്തെയോ തീരുമാനത്തെയോ മറികടന്ന് ലോകത്ത് ഒന്നും സംഭവിക്കില്ല. എല്ലാകാര്യങ്ങളുടെയും സമയവും തോതും സ്ഥലവും മുന്‍കൂട്ടി നിശ്ചയിച്ചവനായ അല്ലാഹു ചിലതിനെ മുന്തിക്കുന്നു. മറ്റു ചിലതിനെ പിന്തിക്കുന്നു. ചിലര്‍ ഉയര്‍ച്ചയിലേക്ക് പോകുന്നു, മറ്റുചിലര്‍ താഴ്ച്ചയിലേക്ക് വീഴുന്നു. ഇക്കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ വിധിക്കും യുക്തിക്കുമനുസരിച്ച് നടപ്പിലായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനെ സംബന്ധിച്ച് പറയാന്‍ സാധിക്കുന്ന വിശേഷഗുണമാണ് അല്‍ മുഖദ്ദിം (മുന്നിലാക്കുന്നവന്‍), അല്‍ മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍) എന്നിവ. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍. അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ പിന്നോട്ട് പോകുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്' (74: 35-37).
താക്കീതുകള്‍ ശ്രദ്ധിച്ച് സന്മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അപ്രകാരം ജീവിക്കുവാനും, താക്കീതുകളെ അവഗണിച്ച് പുറകോട്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ രൂപത്തില്‍ കഴിയാനും സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്യുന്നത്. ഏത് രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ അനുവദിച്ചുകൊടുക്കുകയാണ് അല്ലാഹു.
അബുമുസല്‍ അശ്അരി(റ) ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ, എന്റെ പാപങ്ങളും, എന്റെ അവിവേകവും എനിക്ക് നീ പൊറുത്ത് തരേണമേ, എന്റെ കാര്യങ്ങളിലുള്ള അതിരുകവിയലും നീ എനിക്ക് പൊറുത്തുതരേണമേ, ഏതൊന്നിനെക്കുറിച്ച് എന്നെക്കാള്‍ അറിയുന്നവന്‍ നീയാണോ, അതും നീ പൊറുത്തു തരേണമേ, തമാശയായും ഗൗരവമായും ചെയ്ത തെറ്റുകള്‍ പൊറുത്തു തരേണമേ, അബദ്ധവശാലോ ബോധപൂര്‍വമോ സംഭവിച്ചുപോയതും നീ പൊറുത്തു തരേണമേ, അതെല്ലാം എന്റെ അടുക്കല്‍ നിന്ന് സംഭവിച്ചതാണ്. ഞാന്‍ മുന്തിച്ച് ചെയ്തുവെച്ചതും പിന്തിച്ചു വെച്ചതും നീ പൊറുത്ത് തരേണമേ, ഞാന്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും, എന്നേക്കാള്‍ അധികമായി നീ അറിയുന്ന പാപങ്ങളെയും നീ പൊറുത്തുതരേണമേ, നീ മുന്തിക്കുന്നവനാണ്, നീ പിന്തിക്കുന്നവനാണ്. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് (സ്വഹീഹുല്‍ ബുഖാരി).