എല്ലാ വിധ ആധിപത്യത്തിന്റെയും ഉടമസ്ഥന്‍ എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന അല്ലാഹുവിന്റെ നാമമാണ് ‘മാലിക്' അഥവാ ‘മലിക്’. ഉടമസ്ഥന്‍, രാജാവ് എന്നെല്ലാമാണ് ഇതിന് ഭാഷാര്‍ഥം. അല്ലാഹു പറയുന്നു: ‘‘ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയുമെല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം’’ (5:18).
സര്‍വ അധികാരങ്ങളുടെയും ഉടമസ്ഥനായ അല്ലാഹുവിനെക്കുറിച്ച് മാലിക്(ഉടമസ്ഥന്‍), മലിക്(രാജാവ്), മലീക്(രാജാധിരാജന്‍), മാലികുല്‍ മുല്‍ക്ക്(ആധിപത്യത്തിന്റെ ഉടമ) എന്നീ സംജ്ഞകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
പ്രപഞ്ചത്തിന്റെ മുഴുവന്‍ അധിപന്‍ അല്ലാഹുവാണ്. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും പ്രതിഭാസങ്ങളും അലംഘനീയമായ ദൈവിക നിയമങ്ങളെ അനുസരിക്കുന്നവയാണ്. മനുഷ്യന്‍ പോലും തനിക്ക് സ്വാതന്ത്ര്യം നല്‍കപ്പെട്ട പരിമിതമായ മേഖലകളിലല്ലാത്ത മുഴു ജീവിതത്തിലും ശാരീരിക പ്രക്രിയകളിലുമെല്ലാം അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യന് ഈ ഭൂമിയില്‍ ലഭിക്കുന്ന അധികാരവും സ്വാധീനവും താത്ക്കാലികവും നശ്വരവുമാണ്. അവന്റെ സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് അവ നേടിയെടുക്കാവുന്നതല്ല. അടിച്ചമര്‍ത്തപ്പെട്ടവരായി ജീവിക്കേണ്ടിവന്നവര്‍ അധികാരത്തിലേറിയതും അധികാരത്തിന്റെ ഹുങ്കില്‍ ലോകം മുഴുവന്‍ തങ്ങളുടെ കാല്‍കീഴിലാണെന്ന് ദുരഭിമാനം നടിച്ചവര്‍ ദുരന്തപൂര്‍ണമായ അധപതനത്തിലേക്ക് ആപതിച്ചുപോയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. ആധിപത്യത്തിന്റെ യഥാര്‍ഥ്യം ആണ് ഇവയൊക്കെ നമ്മോട് വിളിച്ചുപറയുന്നത്.
ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘‘പറയുക ആധിപത്യത്തില്‍ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിച്ചവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിച്ചവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്‍മയും തിന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു”(3:26).
മനുഷ്യരുടെ ഭൂമിയിലെ ജീവിതാവസ്ഥകള്‍ ഭിന്നമാണ്. അല്ലാഹു ചിലര്‍ക്ക് അധികാരങ്ങളും സ്ഥാനമാനങ്ങളും സാമ്പത്തികാഭിവൃദ്ധിയും സന്താനസൗഭാഗ്യവും നല്‍കും. പരമകാരുണികനായ അല്ലാഹു പരീക്ഷണാര്‍ഥം ആണ് ഇവയെല്ലാം നല്‍കുന്നത്. ചില പ്രത്യേക വ്യക്തികളെയോ അവരുടെ കര്‍മ്മങ്ങളോ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അധികാരവും പദവിയും മറ്റ് അനുഗ്രഹങ്ങളും നല്‍കുന്നതെന്ന് ധരിച്ചുകൂടാ. അല്ലാഹു പറയുന്നു: ‘‘സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചുകൊണ്ടിരുന്നത് നാം അവര്‍ക്ക് നന്മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണ് എന്ന് അവര്‍ വിചാരിക്കുന്നതാണോ? അല്ല, അവര്‍ (യാഥാര്‍ഥ്യം) ഗ്രഹിക്കുന്നില്ല'’(23:55,56).
അധികാരവും പ്രതാപവും ഒക്കെ യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവനാണ് മനുഷ്യനെ പ്രതാപിയും പതിതനുമാക്കുന്നത്. അധികാരത്തിന്റെ പേരില്‍ അഹങ്കരിക്കാന്‍ ആര്‍ക്കും അര്‍ഹതയുമില്ല. പ്രതാപശാലിയും മുഴുവന്‍ ആധിപത്യത്തിന്റെയും സാക്ഷാല്‍ ഉടമയും അല്ലാഹുമാത്രമാണ്.