ഐഹികം, പാരത്രികം, മതപരം, ലൗകികം തുടങ്ങിയ വ്യത്യാസം കൂടാതെ സകല കാര്യങ്ങള്‍ക്കും അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. ഏതൊരു നിസ്സാര കാര്യത്തിലും മനുഷ്യ കഴിവില്‍ പെട്ടകാര്യം നിര്‍വ്വഹിക്കുമ്പോള്‍ പോലും ആ കാര്യം പൂര്‍ത്തീകരിക്കാനുള്ള സാഹചര്യവും ചുറ്റുപാടും അനുഗുണമാക്കിത്തരേണ്ടത് അല്ലാഹുവാണ്. കൂടാതെ, ചിലത് സൃഷ്ടികളില്‍ നിന്ന് ഒട്ടും ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന് മാത്രം ലഭിക്കുന്നതുമായ സഹായമാണ്. അത് ചോദിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ അല്ലാഹു മാത്രമാണ്. ആ സഹായാര്‍ഥനക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവനും അവന്‍ മാത്രമാണ്. അതുകൊണ്ട് ദിനേനേ നാം നടത്തുന്ന പ്രാര്‍ഥനയിലെ പ്രധാനമായ ഒരു പ്രതിജ്ഞ ഇപ്രകാരമാണ് 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'(1:5).
അഭൗതികമായി നമ്മെ സഹായിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമായതുകൊണ്ട് ആ സഹായാര്‍ഥന അല്ലാഹുവല്ലാത്ത ആരോട് നടത്തിയാലും അത് ശിര്‍ക്ക് (ബഹുദൈവാരാധന) ആകുന്നു.
സൂറത്തു യൂസുഫിലെ 18-ാമത്തെ സൂക്തത്തില്‍ അല്‍ മുസ്തആന്‍ എന്ന പ്രയോഗം വന്നിട്ടുണ്ട്. “യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു, അങ്ങനെയല്ല നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈകൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ” (12:18).
അദ്ദേഹം (നബി) പറഞ്ഞു. “എന്റെ രക്ഷിതാവേ, നീ യാഥാര്‍ഥ്യമനുസരിച്ച് വിധി കല്‍പ്പിക്കണമേ, നമ്മുടെ രക്ഷിതാവ് പരമ കാരുണികനും നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍ സഹായമര്‍ഥിക്കപ്പെടാവുന്നവനുമത്രെ” (21:112).
അഭൗതിക മാര്‍ഗത്തില്‍ സഹായിക്കാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമായതിനാല്‍ പ്രവാചകന്മാരഖിലവും തങ്ങളുടെ പ്രബോധന ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സഹായാര്‍ഥന നടത്തിയിരുന്നത് അവനോട് മാത്രമാണ്. അല്ലാഹു മാത്രമാണ് ആ നിലക്ക് സഹായിക്കാന്‍ കഴിയുന്നവന്‍ എന്ന ആശയം വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത ഗുണനാമങ്ങളിലൂടെ പഠിപ്പിക്കുന്നുണ്ട്. അന്നാസ്വിര്‍, അല്‍മൗലാ, അല്‍വകീല്‍, അല്‍ഹസീബ്, അല്‍വലിയ്യ്, അല്‍ഹഫീദ്വ്, അല്‍ഖയ്യിം, അല്‍ഖദീര്‍ തുടങ്ങിയ നാമങ്ങളൊക്കെ വിശാലാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുമ്പോള്‍ അല്ലാഹു മാത്രമാണ് സഹായിക്കാന്‍ കഴിയുന്നവന്‍ എന്നും അതുകൊണ്ട് സഹായത്തിന് തേടേണ്ടത് അവനോട് മാത്രമാണെന്നും വ്യക്തമാവുന്നു.
നബി(സ) ഒരിക്കല്‍ മുആദ് ബ്‌നു ജബല്‍(റ) ന് പഠിപ്പിച്ചുകൊടുക്കുന്ന പ്രാര്‍ഥന ഇപ്രകാരമാണ്:
അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി ചെയ്യാനും, നിനക്ക് നല്ല ആരാധനകളര്‍പ്പിക്കാനും നീ എന്നെ സഹായിക്കേണമേ (അഹ്മദ്, അബൂദാവൂദ്, നസാഈ, തിര്‍മിദീ).
അഭൗതിക മാര്‍ഗത്തില്‍ ഉള്ള സഹായത്തിന് അര്‍ഥന നടത്തേണ്ടത് അല്ലാഹുവിനോട് മാത്രമാണെന്നും അവന്നു മാത്രമേ അത് കേള്‍ക്കാനും ഉത്തരം ചെയ്യാനും സാധിക്കുകയുള്ളൂവെന്നും ഉറച്ച് വിശ്വസിക്കുന്ന സത്യവിശ്വാസികള്‍, അല്ലാഹുവിനോടുള്ള പ്രാര്‍ഥനകള്‍ പതിവാക്കേണ്ടതാണ്. അല്ലാഹുവാണ് സഹായം തേടാന്‍ അര്‍ഹതപ്പെട്ടവന്‍ (അല്‍ മുസ്തആന്‍) എന്ന ഗുണവിശേഷണത്തിന്റെ അര്‍ഥതലം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന വിശ്വാസിക്ക് പ്രാര്‍ഥന ആയുധമാണ്. പ്രതീക്ഷ രക്ഷാകവചമാണ്. അല്ലാഹുവിന്റെയടുക്കല്‍ പരിഗണനക്ക് അര്‍ഹമാകുന്നതിന്റെ മാനദണ്ഡം അല്ലാഹുവിനോടുള്ള മനസ്സു തുറന്നുള്ള പ്രാര്‍ഥനയാണ്.